ബി.ജെ.പിയില്‍ വീണ്ടും ഗ്രൂപ്പ് പോര്
തിരുവനന്തപുരം: ജനരക്ഷാ യാത്ര ആരംഭിച്ചതിനുശേഷം നിലച്ച ഗ്രൂപ്പ് പോര് ബി.ജെ.പിയില്‍ വീണ്ടും ശക്തമായി. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ ഗ്രൂപ്പിസം രൂക്ഷമാകുന്നതിന്റെ സൂചനയാണ് നല്‍കിയത്.
യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടുകളിലേക്ക് ചര്‍ച്ച എത്തുകയായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചര്‍ച്ചയായപ്പോള്‍ നേതൃത്വത്തിന്റെ പോരായ്മകളും സംസ്ഥാന സെക്രട്ടറിയായിരുന്ന വി.വി രാജേഷിന്റെ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു. തങ്ങളുടെ ഭാഗം പറയാന്‍പോലും അനുവദിക്കാതെയാണ് രാജേഷിനെയും മറ്റും പുറത്താക്കിയതെന്ന് വി. മുരളീധരന് പക്ഷത്തെ നേതാക്കള്‍ ആരോപിച്ചു.
മെഡിക്കല്‍ കോളജ് കോഴ വിവാദവും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പരസ്യമായതും നേതാക്കള്‍ക്കെതിരായ നടപടിയും ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും യോഗങ്ങളിലുണ്ടായി. വേങ്ങരയിലുണ്ടായ കനത്ത തിരിച്ചടി നേതൃത്വത്തിന്റെ പരാജയമാണെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."