ഗെയില്‍: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന വിവാദമാവുന്നു
കോഴിക്കോട്: ഗെയില്‍ സമരത്തെ എതിര്‍ത്ത് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിലെ പ്രയോഗം വിവാദമാവുന്നു.
ഗെയില്‍വിരുദ്ധ സമരം ചില തീവ്രവാദികളുടെ പദ്ധതിയാണെന്ന് ആക്ഷേപിക്കുന്ന പ്രസ്താവനയിലാണ് വിവാദ പ്രയോഗമുള്ളത്. ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തണമെന്ന പ്രയോഗമാണ് വിവാദമായിരിക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം എന്ന പ്രയോഗം ഒരു പ്രത്യേക മതവിഭാഗത്തെ പരിഹസിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം.
അതിനിടെ, പരാമര്‍ശം അബദ്ധമായെന്ന് തോന്നിയതോടെ സി.പി.എം നേതാക്കള്‍ ന്യായീകരണവുമായി രംഗത്തെത്തി. ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തെയും അതുണ്ടാക്കിയ അജ്ഞതയെയും ഗോത്ര കലാപങ്ങളെയും ചോദ്യംചെയ്താണല്ലോ ഇസ്‌ലാം ഉദയം ചെയ്തതെന്നാണ് കേളുവേട്ടന്‍ പഠന കേന്ദ്രം ഡയറക്ടറും സി.പി.എം നേതാവുമായ കെ.ടി കുഞ്ഞിക്കണ്ണന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് മലപ്പുറം ജില്ലയില്‍ നിന്നുവന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ തീവ്രവാദി സംഘങ്ങളാണെന്നും പ്രസ്താവനയിലുണ്ട്. കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെ കൂടെച്ചേര്‍ന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണുണ്ടായതെന്നും സെക്രട്ടേറിയറ്റ് പറയുന്നു.
ഗെയില്‍ സമരത്തിന്റെ തുടക്കത്തില്‍ എല്ലാ പിന്തുണയുമായി സജീവമായി രംഗത്തുണ്ടായിരുന്ന സി.പി.എം ഇപ്പോള്‍ സമരവിരുദ്ധരായത് പ്രദേശത്ത് വന്‍ ചര്‍ച്ചയായിരുന്നു. ഇതിനേത്തുടര്‍ന്ന് സമരക്കാരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പ്രദേശത്തെ സി.പി.എം നേതാക്കള്‍ പ്രയാസപ്പെടുകയാണ്. ചില സി.പി.എം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം സമരം രൂക്ഷമാവുകയും പൊലിസ് നടപടികളും രക്തരൂക്ഷിത രംഗങ്ങളുമുണ്ടാവുകയും ചെയ്തതോടെയാണ് സമരം ചില തീവ്രവാദ കക്ഷികളുടെ ഗൂഢാലോചനയാണെന്ന നിലപാടിലേക്ക് പാര്‍ട്ടി മാറിയത്. പൊലിസ് ഉദ്യോഗസ്ഥര്‍ ഇതിനനുകൂലമായ രീതിയില്‍ പ്രസ്താവനയിറക്കുകയും ചെയ്തു.
പോപ്പുലര്‍ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയെയുമാണ് സി.പി.എം പ്രസ്താവനയില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.
പലപ്പോഴും ഇടതുചായ്‌വ് കാണിക്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും മറ്റും ഒരുമിച്ച് മത്സരിക്കുകയുംചെയ്ത കക്ഷികള്‍ക്കെതിരേയാണ് സി.പി.എം ഇപ്പോള്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിപ്രദേശം ഉള്‍പ്പെടുന്ന മുക്കം നഗരസഭയിലും കൊടിയത്തൂര്‍ പഞ്ചായത്തിലും സോളിഡാരിറ്റിയുടെ അംഗങ്ങളുമായി സി.പി.എം കൈകോര്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."