പൊതുമേഖലയിലെ ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനി സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര നീക്കം
കൊച്ചി: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം കൂടി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിക്കുന്നു. കേന്ദ്ര ഖനനവ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനി (ഇന്ത്യ) ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കാനുള്ള ശ്രമങ്ങളുമായി നീതി ആയോഗ് നടപടി തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 137 കേന്ദ്രങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സ്വകാര്യവത്ക്കരിക്കാന്‍ നീക്കം നടത്തുന്നത്.
ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനിയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള ശ്രമങ്ങളാണ് നീതി ആയോഗ് നടത്തുന്നത്. 1330 സ്ഥിരം ജീവനക്കാരും അമ്പതിനായിരത്തോളം കരാര്‍ തൊഴിലാളികളുമാണ് ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്നത്. കൊച്ചിയടക്കമുള്ള കേന്ദ്രങ്ങളിലെ തൊഴിലാളികള്‍ സ്വകാര്യവത്കരണ നീക്കത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരില്‍ നിന്നു ബജറ്റ് വിഹിതം കൈപ്പറ്റാതെ തന്നെ കഴിഞ്ഞ പത്ത് വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ബ്രിഡ്ജ് ആന്‍ഡ് റൂഫ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1747 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. 2015- 16 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ ഏറ്റവും മികച്ച കമ്പനി എന്നാണ് ബ്രിഡ്ജ് ആന്‍ഡ് റൂഫിനെ വിശേഷിപ്പിച്ചത്. രാജ്യത്തെ എണ്ണ, ഊര്‍ജ, വാതക, സ്റ്റീല്‍ മേഖലകളില്‍ നിര്‍ണായക പങ്കാണ് ബ്രിഡ്ജസ് ആന്‍ഡ് റൂഫ് കമ്പനി വഹിക്കുന്നത്. താഴ്ന്ന വരുമാനക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കുന്നതുപോലുള്ള അടിസ്ഥാന സൗകര്യ വികസന മേഖലയിലും കമ്പനി സജീവമാണ്. നിലവില്‍ അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, ആസം തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിര്‍ണായകമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തി വരുന്നു. ഹൗറ പാലം, ലക്‌നൗ റെയില്‍വേ സ്റ്റേഷന്‍, ദുര്‍ഗാപൂര്‍ സ്റ്റീല്‍ പ്ലാന്റിലെ ആദ്യ ബര്‍ണസ്, ബറോണിയിലെ ആദ്യ ഓയില്‍ റിഫൈനറി, കൊല്‍ക്കത്ത എയര്‍ പോര്‍ട്ട് ടെര്‍മിനല്‍, കൊല്‍ക്കത്ത സയന്‍സ് സിറ്റി, സാള്‍ട്ട് ലേക്ക് സ്റ്റേഡിയം, വിശാഖ് പോര്‍ട്ട് ട്രസ്റ്റ് സ്റ്റേഡിയം തുടങ്ങിയവ ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനിയുടെ നിര്‍മാണ വൈദഗ്ധ്യത്തിന് ഉദാഹരണങ്ങളാണ്.
ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയുടെ 600 കോടിയുടെ വികസന പദ്ധതികള്‍ റെക്കോഡ് വേഗത്തിലാണ് ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനി പൂര്‍ത്തീകരിച്ചത്. നിലവില്‍ ഇവിടത്തെ 103 കോടിയുടെ പെട്രോ കെമിക്കല്‍ പദ്ധതിയുടെ ഭാഗമാണ് കമ്പനി.
പുതുവൈപ്പിലെ ക്രൂഡ് ഓയില്‍ സ്റ്റോറേജ് ടാങ്കുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കമ്പനി പങ്കാളിയായിട്ടുണ്ട്. സിവില്‍, മെക്കാനിക്കല്‍ നിര്‍മാണ മേഖലയില്‍ എല്‍.ആന്‍ഡ്.ടി ഉള്‍പ്പെടെയുള്ളവരോട് മത്സരിച്ചാണ് ഈ പൊതുമേഖലാ സ്ഥാപനം നേട്ടങ്ങള്‍ കൈവരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."