മക്കള്‍ സ്ഥാനാര്‍ഥികളെങ്കിലും മത്സരം പിതാക്കള്‍ തമ്മില്‍
ഷിംല: മാണ്ഡി മണ്ഡലത്തില്‍ മത്സരിക്കുന്നത് സ്ഥാനാര്‍ഥികളേക്കാളുപരി അവരുടെ പിതാക്കന്മാരായ രണ്ട് അതികായന്മാരാണ്. ഹിമാചലിലെ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളായിരുന്ന മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമിന്റെ മകന്‍ അനില്‍ ശര്‍മയും കൗള്‍ സിങ് താക്കൂറിന്റെ മകള്‍ ചംബാ താക്കൂറും തമ്മിലാണ് മത്സരിക്കുന്നതെങ്കിലും സുഖ്‌റാമും കൗള്‍ സിങ്ങും തന്നെയാണ് മത്സര രംഗത്തെ താരങ്ങള്‍. ഈ മത്സരം ജനങ്ങള്‍ ഉറ്റുനോക്കുകയാണ്.
നിലവിലുള്ള വീരഭദ്ര സിങ് മന്ത്രിസഭയിലെ അംഗവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന അനില്‍ ശര്‍മ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തെ എതിരിടുന്നത് ഹിമാചല്‍ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ ശക്തന്മാരിലൊരാളായ കൗണ്‍ സിങിന്റെ മകള്‍ ചംബാ താക്കൂറാണ്.
എന്നാല്‍ സ്ഥാനാര്‍ഥികളേക്കാള്‍ ശ്രദ്ധേയരായത് രണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ മത്സരമാണ്. അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് അകറ്റി നിര്‍ത്തിയിട്ടുള്ള സുഖ്‌റാം ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്.
ബി.ജെ.പി സ്ഥാനാര്‍ഥിയായ മകന്‍ അനില്‍ ശര്‍മക്കുവേണ്ടി 92കാരനായ സുഖ്‌റാം അരയും തലയും മുറുക്കി പ്രചാരണത്തിനിറങ്ങിയപ്പോള്‍ എട്ടുതവണ എം.എല്‍.എയായിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ കൗള്‍ സിങും ശക്തമായ പ്രചാരണമാണ് മകള്‍ക്കുവേണ്ടി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."