42 സീറ്റുകളില്‍ ബി. എസ്. പിയുടെ തീപാറുന്ന പോരാട്ടം
കാന്‍ഗ്ര: ഹിമാചല്‍പ്രദേശില്‍ അധികാരത്തിനായി ബഹുജന്‍ സമാജ് പാര്‍ട്ടിയും പ്രചാരണം ശക്തമാക്കി. ഇന്ന് കാന്‍ഗ്രയില്‍ നടക്കുന്ന ബി.എസ്.പി റാലിയില്‍ പാര്‍ട്ടി അധ്യക്ഷ മായാവതി പങ്കെടുക്കും.
68 അംഗ നിയമസഭയില്‍ 42 സീറ്റുകളിലാണ് ബി.എസ്.പി മത്സരിക്കുന്നത്. 2012ല്‍ 26 സീറ്റില്‍ മാത്രമായിരുന്നു പാര്‍ട്ടി മത്സരിച്ചിരുന്നത്. ഈ ഹിമാലയന്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ 25 ശതമാനം ദലിത് വിഭാഗക്കാരുണ്ട്.
2012ല്‍ ബി.എസ്.പിക്ക് ഇവിടെ 1.22 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. സി.പി.എമ്മിനാകട്ടെ 4.98 ശതമാനവും സി.പി.ഐയ്ക്ക് 2.18 ശതമാനവും എന്‍.സി.പിയ്ക്ക് 1.97 ശതമാനം വോട്ടുകളും ലഭിച്ചിരുന്നു.
ഭരണകക്ഷിയായ കോണ്‍ഗ്രസിന് 43.21 ശതമാനവും ബി.ജെ.പിയ്ക്ക് 38.83 ശതമാനവുമായിരുന്നു വോട്ടിങ് നില. ബദ്ധവൈരികളായ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ശേഷം ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് ബി.എസ്.പിയാണ്.
കാന്‍ഗ്രയിലെ നഗരപാലിക ഗ്രൗണ്ടില്‍ ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മായാവതി സംസാരിക്കുമെന്ന് ബി.എസ്.പി സംസ്ഥാന അധ്യക്ഷന്‍ എം.എല്‍ തോമര്‍ അറിയിച്ചു. വിജയപ്രതീക്ഷയുള്ള സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. പാര്‍ട്ടിയുടെ വോട്ടിങ് നിലവാരം മെച്ചപ്പെടുത്താനും അഞ്ച് സീറ്റിലെങ്കിലും ശരാശരി വിജയിക്കാനും ലക്ഷ്യം വച്ചാണ് തിരഞ്ഞെടുക്കപ്പെട്ട സീറ്റില്‍ മാത്രം മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."