ഉല്‍പ്പാദനം ഇടിഞ്ഞു; കയര്‍ മേഖല പ്രതിസന്ധിയില്‍
തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത വ്യവസായമായ കയര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കൂലി കുറവും കാരണം ഉല്‍പ്പാദനം കുറഞ്ഞതും തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ കയര്‍ അനുബന്ധ വ്യവസായം ശക്തിപ്പെടുന്നതും കേരളത്തിനു കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കയര്‍ തൊഴിലാളികളുള്ളത്. ഈ രംഗത്തെ പലരും മറ്റു തൊഴിലുകള്‍ തേടിപോകുന്ന അവസ്ഥയാണ്. ചകിരിയുടെ ലഭ്യത കുറവും മറ്റു ജോലികളെ അപേക്ഷിച്ച് കൂലി കുറവും വന്‍കിട കമ്പനികളുടെ വരവുമാണ് ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടാക്കിയിരിക്കുന്നത്.
സര്‍ക്കാരില്‍നിന്നു വന്‍തോതില്‍ ധനസഹായം ലഭിക്കുന്ന സഹകരണ സംഘങ്ങളാണ് തമിഴ്‌നാട്ടില്‍നിന്നു ചകിരിയും കയറും കൊണ്ടുവന്ന് കയറും കയര്‍ ഉല്‍പന്നങ്ങളും നിര്‍മിച്ച് പിടിച്ചു നില്‍ക്കുന്നത്.
കേരളത്തിലാകമാനം അഞ്ച് ലക്ഷത്തോളം ആളുകള്‍ പണിയെടുത്തുകൊണ്ടിരുന്ന കുടില്‍ വ്യവസായമായിരുന്ന കയര്‍ മേഖല ഇന്ന് ചെറുകിട തൊഴിലാളികളുടെ മേഖലയില്‍നിന്നും പൂര്‍ണമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഒരു ദിവസത്തെ ജോലിക്ക് 300 മുതല്‍ 400 രൂപവരെയാണ് കൂലി കിട്ടുന്നത് എന്നതിനാല്‍ കയര്‍ ഉല്‍പ്പാദനം ഉപേക്ഷിച്ച് പലരും മറ്റിതര തൊഴില്‍ മേഖലകളിലേക്ക് മാറിക്കഴിഞ്ഞു. കയര്‍ മേളകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഇതെല്ലാം തൊഴിലാളികള്‍ക്ക് ഗുണകരമാകുന്നില്ല. കയറിന് റിബേറ്റ് ഇനത്തില്‍ വന്‍തുക കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കാറുണ്ടെങ്കിലും അതെല്ലാം പോകുന്നത് സഹകരണ സംഘങ്ങളിലേക്കാണ്. ഇതാകട്ടെ തൊഴിലാളികളിലേക്ക് എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം അയല്‍ സംസ്ഥാനമായ തമിഴ്‌നാട് ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടത്തുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്തം കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 23.3 ശതമാനവും തമിഴ്‌നാടിന്റെ സംഭാവനയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."