മഴ...മഴ...മഴ... ക്രിക്കറ്റ് പ്രേമികളുടെ മനസുകളില്‍ കാര്‍മേഘം
തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികളുടെ മനസുകളില്‍ മഴപ്പേടിയുടെ കാര്‍മേഘം. കാത്തുകാത്തിരുന്ന് വിരുന്നെത്തിയതാണ് ഗ്രീന്‍ഫീല്‍ഡിലെ ടി20 ക്രിക്കറ്റ് മാമാങ്കം. ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന് നടക്കാനിരിക്കേ തിരുവനന്തപുരത്ത് ഇന്നലെയും മഴ തിമിര്‍ത്തു പെയ്തു. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ രണ്ട് മണിക്കൂറിലേറെ പെയ്താണ് നിലച്ചത്. കനത്ത ഇടിയുടെ അകമ്പടിയില്‍ ശക്തമായ മഴ പെയ്യുന്നത് കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ ആശങ്കയേറ്റുകയാണ്. ഇന്ന് രാത്രി 6.45നാണ് ടി20 പോരാട്ടത്തിന് തുടക്കമാകുന്നത്. ഇന്ന് വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയ്ക്ക് തിരുവനന്തപുരത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലവസ്ഥാ വെബ്‌സൈറ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും ഗ്രീന്‍ഫീല്‍ഡിലെ മികച്ച ഡ്രെയിനേജ് സംവിധാനം പ്രതീക്ഷ നല്‍കുന്നതാണ്. കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമാണ് സ്റ്റേഡിയത്തില്‍ ഉള്ളത്. പിച്ചും ഔട്ട് ഫീല്‍ഡും ഉള്‍പ്പടെ മൂടിയിട്ടിരിക്കുകയാണ്. മൂന്ന് സൂപ്പര്‍ സോപ്പറുകള്‍ ഇപ്പോള്‍ തന്നെ സ്റ്റേഡിയത്തിലുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ഡോ. ജയേഷ് ജോര്‍ജ് പറഞ്ഞു. മത്സരത്തിനിടെ മഴ പെയ്‌തൊഴിഞ്ഞാല്‍ 20 മിനുട്ടിനുള്ളില്‍ മത്സരം പുനരാരംഭിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."