സ്‌കൂള്‍ കുട്ടികള്‍ക്കായി കെ.സി.എ കപ്പ് 2017
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിക്കറ്റ് പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനന്റെ ഭാഗമായി കെ.സി.എ കപ്പ് 2017മായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 224 സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടൂര്‍ണമെന്റ് ഈ മാസം 18ന് ആരംഭിക്കുമെന്ന് കെ.സി.എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അണ്ടര്‍ 13, അണ്ടര്‍ 15 വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കഴിഞ്ഞ വര്‍ഷം പ്രീ ക്വാര്‍ട്ടര്‍ കളിച്ച എല്ലാ ടീമുകള്‍ക്കും ആദ്യ റൗണ്ടില്‍ കളിക്കാം. നോക്കൗട്ട് രീതിയിലുള്ള ടി20 പോരാട്ടങ്ങളാണ് സംഘടിപ്പിക്കുന്നത്.
ഓരോ ജില്ലയില്‍ നിന്ന് 16 സ്‌കൂളുകള്‍ വീതം പങ്കെടുക്കും. മത്സരങ്ങളെല്ലാം അതാത് ജില്ലകളിലായിരിക്കും. രണ്ടാം റൗണ്ട് മത്സരങ്ങള്‍ നാല് ജില്ലകളിലായി നടത്തും. കുട്ടികള്‍ക്ക് പ്രൊഫഷനല്‍ മത്സരങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനായി ഫൈനല്‍ മത്സരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലും സംഘടിപ്പിക്കും.
സ്‌കൂള്‍ കൂട്ടികള്‍ കളര്‍ ജേഴ്‌സിയണിഞ്ഞ് കളിക്കുന്ന ആദ്യ ടൂര്‍ണമെന്റെന്ന പ്രത്യേകതയും കെ.സി.എ കപ്പ് 2017നുണ്ട്. കളര്‍ ജേഴ്‌സി, ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡറായ സഞ്ജു സാംസണ് നല്‍കി പ്രകാശനം ചെയ്തു. യുവ താരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാന്‍ കിട്ടുന്ന ഏറ്റവും വലിയ അവസരമാണിതെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫ്രാങ്കഌന്‍ ജോണ്‍, ഫിലിപ് ജോണ്‍, കെ.സി.എ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിനോദ്, ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ പാരഗണ്‍ സ്റ്റിമുലസിന്റെ ശ്രീജിത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."