അരുത്, അതിരുകളില്ലാതെ അവര്‍ കുതിക്കട്ടെ
ദേവേന്ദ്ര ജഗാരിയായും മാരിയപ്പന്‍ തങ്കവേലുവും ദീപ മാലിക്കും മിന്നിത്തിളങ്ങിയ പാരലിംപിക്‌സ് വേദി സ്വപ്‌നം കാണുന്ന ഒട്ടേറെ കായിക താരങ്ങള്‍ നമുക്കുണ്ട്. വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അവഗണനയുടെ ട്രാക്കിലൂടെയാണ് അവരുടെ കുതിപ്പ്. നല്ല ഭക്ഷണവും ശാസ്ത്രീയ പരിശീലനവും മെച്ചപ്പെട്ട സാഹചര്യങ്ങളും അവര്‍ക്കിന്നും അന്യമാണ്. ഒരു നേരത്തെ അന്നത്തിന് നെട്ടോട്ടമോടുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന അവരെ ശ്രദ്ധിക്കാന്‍ കായിക കേരളം തയ്യാറായിട്ടില്ല.
മൈതാനങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ചവിട്ടിമാറ്റാന്‍ ശ്രമിക്കുമ്പോഴും അവര്‍ കുതിപ്പ് തുടരുകയാണ്. ആധുനിക പരിശീലന ഇടങ്ങള്‍ക്കും കളിക്കളങ്ങള്‍ക്കും പുറത്താണ് ഇന്നും അവരുടെ സ്ഥാനം. ശാസ്ത്രീയ പരിശീലനം സ്വായത്തമാക്കാന്‍ അവര്‍ക്ക് സൗകര്യങ്ങളും സമ്പത്തുമില്ല. കൈതാങ്ങാവേണ്ടവര്‍ മുഖം തിരിച്ചു നില്‍ക്കുമ്പോഴും അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, നീന്തല്‍, തയ്ക്വാണ്ടോ, പവര്‍ ലിഫ്റ്റിങ് ഇനങ്ങളില്‍ അവര്‍ നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിക്കുകയാണ്. പരിമിതികളെ അതിജീവിച്ചു പറന്നുയരാന്‍ കൊതിക്കുന്ന സമാന്തര കായിക മേഖലയോട് എന്തുകൊണ്ട് അധികൃതര്‍ മുഖം തിരിക്കുന്നു.
Read Also I വിധിയെ തോല്‍പ്പിച്ചവരുടെ ചിറകരിയരുത്
'ഓടാനും ചാടാനും പോയി എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇനിയും വലിയ ബാധ്യതയാകും'. പരിമിതികളെ തോല്‍പിച്ചു മുന്നേറാന്‍ മോഹിക്കുന്നവര്‍ക്ക് മുന്നില്‍ നാട്ടുകാരും സ്വന്തം മാതാപിതാക്കള്‍ പോലും വിലക്കിന്റെ മതിലുകള്‍ ഉയര്‍ത്തുകയാണ്. അംഗ പരിമിതരോട് സമൂഹം വച്ചു പുലര്‍ത്തുന്ന ബോധങ്ങളാണ് സമാന്തര കായിക രംഗം നേരിടുന്ന എക്കാലത്തെയും വലിയ വെല്ലുവിളി. ഈ ബോധങ്ങളെ അതീജിവിച്ച് വേണം അവര്‍ക്ക് കായിക രംഗത്ത് മികവ് പുലര്‍ത്താന്‍. ലോക ഭിന്നശേഷി ദിനത്തില്‍ ജില്ലകള്‍ തോറും സംഘടിപ്പിക്കുന്ന കലാ- കായിക മത്സരങ്ങളില്‍ ഒതുങ്ങി പോകുന്നു അംഗ പരിമിതര്‍ക്കുള്ള അവസരങ്ങള്‍. അതില്‍ പോലും പങ്കെടുക്കാന്‍ ഭൂരിപക്ഷത്തിനും കഴിയാറില്ല. കായിക പരിശീലനങ്ങളില്‍ പങ്കാളിയാകുന്നതോടെ മനസും ശരീരവും ആരോഗ്യപരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നത് വിലക്കുമായി മുന്നില്‍ നില്‍ക്കുന്നവര്‍ ചിന്തിക്കുന്നില്ല. കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് ഒട്ടേറെ അക്കാദമികളും പരിശീലന കേന്ദ്രങ്ങളും മികച്ച പരിശീലകരുമുണ്ട്. ഒളിംപ്യന്‍മാരെ സൃഷ്ടിച്ച ദ്രോണാചര്യന്‍മാരും നിരവധി.
ആ പരിശീലന ഇടങ്ങളിലൊന്നും അംഗ പരിമിതരെ കാണാറില്ല. സ്പ്രിന്റില്‍ പരിശീലനം തേടി പോകുന്നവര്‍ക്ക് മുന്നില്‍ മറ്റുള്ളവരെ പോലെ നിങ്ങള്‍ക്ക് ഓടാനാകില്ലെന്ന കടമ്പ ഉയര്‍ത്തുന്നു. ഒഴിവാക്കാനാകാതെ വരുമ്പോള്‍ ഷോട് പുട്ടാണ് അവര്‍ക്കായി മാറ്റി വയ്ക്കുന്നത്. മാരിയപ്പന്‍ തങ്കവേലുവിനെയും ദീപാ മാലിക്കിനെയും ദേവേന്ദ്ര ജഗാരിയായെയും പോലെ രാജ്യത്തിന് അഭിമാനമാകേണ്ട നിരവധി താരങ്ങളുണ്ട് കേരളത്തില്‍. അവരില്‍ മികവ് പ്രകടിപ്പിച്ചിട്ടും പ്രോത്സാഹനം ലഭിക്കാതെ പോയ താരങ്ങളില്‍ പ്രമുഖനാണ് ഇരിങ്ങാലക്കുടക്കാരന്‍ കിഷോര്‍ കുമാര്‍.
തളരാത്ത പോരാട്ട വീര്യം
ഇരിങ്ങാലക്കുട മാടായിക്കോണം കുഴിക്കാട്ടുകോണം എഴുപുറത്ത് പരേതനായ മണിയുടെയും ഗീതയുടെയും മകനായ കിഷോര്‍ കുമാര്‍ രാജ്യാന്തര ആര്‍ച്ചറി താരമാണ്. 'തായ്‌ലന്‍ഡ് പ്രിന്‍സസ് കപ്പ് ആര്‍ച്ചറി ടൂര്‍ണമെന്റ് 2014' ല്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഫൈനലില്‍ എത്തിയ താരമാണ് കിഷോര്‍. കായിക സംഘടനകളും അവരെ നിയന്ത്രിക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന നാട്.
പക്ഷെ, കിഷോറിനെ പോലുള്ള ഭിന്നശേഷി താരങ്ങള്‍ ലോക വേദികളില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ് രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി പിടിച്ചത് നാട്ടുകാരുടെയും ജനമൈത്രി പൊലിസിന്റെയും ഒക്കെ സഹായത്താലാണ്. 2010ല്‍ ഹരിയാനയിലെ പഞ്ചഗുളയില്‍ പാരാലിംപിക്‌സിന്റെ ആദ്യ ദേശീയ ഗെയിംസില്‍ 100 മീറ്ററില്‍ നാലാം സ്ഥാനവും ഷോട് പുട്ടില്‍ അഞ്ചാമനുമായി തിളങ്ങി. ദേശീയ പാരാലിംപിക്‌സിന് പിന്നാലെയായിരുന്നു അമ്പെയ്ത്തിലേക്കുള്ള കിഷോറിന്റെ ചുവടുമാറ്റം. അതിനൊരു കാരണം കൂടിയുണ്ട്. സാധാരണക്കാര്‍ക്കൊപ്പം മത്സരിക്കാമെന്നതായിരുന്നു ആര്‍ച്ചറി തിരഞ്ഞെടുക്കാന്‍ കിഷോറിന് പ്രേരണയായത്.
Read Also I കൈനിറയെ മെഡലുകള്‍; തലയ്ക്ക് മീതെ കടം
ചെന്നൈയില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ 50 മീറ്ററില്‍ വെള്ളി മെഡല്‍ നേടി കിഷോര്‍ അമ്പെയ്ത്തിലെ ജൈത്രയാത്രക്ക് തുടക്കമിട്ടു. സ്‌പെയിനില്‍ നടന്ന ഐവാസ് ടൂര്‍ണമെന്റിനായുള്ള സെലക്ഷന്‍ ട്രയലിലും കിഷോര്‍ പങ്കെടുത്തിരുന്നു. കടം വാങ്ങിയ ബോയയുമായിട്ടായിരുന്നു പ്രാഥമിക പോരാട്ടം. ഇന്റര്‍ നാഷനല്‍ ആര്‍ച്ചറി സെറ്റ് ഉണ്ടെങ്കിലേ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാകു. ഇന്ത്യന്‍ ബോയ മാത്രം സ്വന്തമായുള്ള കിഷോറിന് ഒന്നര ലക്ഷം മുടക്കി ഇന്റര്‍ നാഷനല്‍ ആര്‍ച്ചറി വാങ്ങുക അസാധ്യമായിരുന്നു. കിഷോറിനെ സഹായിക്കാന്‍ അന്ന് മുന്നോട്ടു വന്നത് ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ്. ഇന്റര്‍ നാഷനല്‍ ആര്‍ച്ചറി ഫുള്‍ കിറ്റ് വാങ്ങി നല്‍കി ജനമൈത്രി പൊലിസ് പ്രോത്സാഹനമേകി. പത്ത് രാജ്യങ്ങളില്‍ നിന്ന് എണ്ണൂറിലേറെ പേര്‍ പങ്കെടുത്ത പ്രാഥമിക പോരില്‍ 275 പോയിന്റ് നേടിയായിരുന്നു ലോക ചാംപ്യന്‍ഷിപ്പിലേക്ക് കിഷോര്‍ യോഗ്യത നേടിയത്. 2014 ലെ തായ്‌ലന്‍ഡ് പ്രിന്‍സസ് കപ്പ് ആര്‍ച്ചറി ടൂര്‍ണമെന്റില്‍ ഫൈനല്‍ പോരാട്ടം വരെ കിഷോര്‍ അമ്പെയ്തത് നാട്ടുകാരുടെ സഹായത്തിലായിരുന്നു.
ചവിട്ടേറ്റിട്ടും വീണില്ല
കിഷോറിന് ജനിച്ചപ്പോഴെ 45 ശതമാനം അംഗപരിമിതിയുണ്ടായിരുന്നു. ശോഷിച്ചു വളഞ്ഞ പാദങ്ങളുണ്ടായിട്ടും സ്‌കൂള്‍ തലം മുതലേ സ്‌പോര്‍ട്‌സിനോട് അടങ്ങാത്ത ആവേശമായിരുന്നു. ട്രാക്കും ഫീല്‍ഡും മോഹിച്ച് സ്‌കൂള്‍ മത്സരങ്ങളുടെ മൈതാനത്തിറങ്ങാന്‍ കിഷോര്‍ കൊതിച്ചു. എല്ലാം തികഞ്ഞിട്ടും മനസിലും കാഴ്ചയിലും വൈകല്യം നിറഞ്ഞവരുടെ ക്രൂരതക്ക് മുന്നില്‍ വഴിയൊഴിയേണ്ടി വന്നു. അംഗ പരിമിതിയുടെ പേരില്‍ കായിക മത്സരങ്ങളില്‍ നിന്ന് ഒരുപാട് തവണ കിഷോര്‍ മാറ്റി നിര്‍ത്തപ്പെട്ടു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം. സ്‌കൂളിലെ കായിക മത്സരങ്ങള്‍ നടക്കുന്നു. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ പങ്കെടുക്കാനുള്ള മോഹവുമായി കിഷോറും മൈതാനത്തിറങ്ങി. അംഗ പരിമിതനായ വിദ്യാര്‍ഥിയെ പങ്കെടുപ്പിക്കാന്‍ അധികൃതരുടെ മനസ്സ് വിശാലമായിരുന്നില്ല. അവര്‍ ട്രാക്കിന് പുറത്താക്കി. സ്‌കൂള്‍ ട്രാക്കുകളില്‍ നിന്ന് പുറത്താക്കപ്പെട്ട കിഷോര്‍ തന്റെ കഴിവുകള്‍ കേരളോത്സവ വേദികളില്‍ പുറത്തെടുത്തു.
Read Also I ‘വിന്‍ ഗോള്‍ഡ് ഫോര്‍ ദി പാരാലിംപിക്‌സ് ‘
2007ല്‍ പഞ്ചായത്ത് തല കേരളോത്സവത്തില്‍ ഓട്ട മത്സരത്തില്‍ എല്ലാം തികഞ്ഞ കരുത്തര്‍ക്കൊപ്പം കിഷോറും കുതിച്ചു. അന്ന് നേടിയ അഞ്ചാം സ്ഥാനത്തിന് പൊന്നിന്റെ തിളക്കമുണ്ടായിരുന്നു. ശാരീരിക വൈകല്യങ്ങള്‍ ഇതുവരെ കിഷോറിന്റെ മനസിനെ തളര്‍ത്തിയിട്ടില്ല. അമ്പും വില്ലും കൈയിലെടുത്താല്‍ കിഷോര്‍ ചുറ്റുപാടുമുള്ള കാഴ്ചകളും ശബ്ദങ്ങളും ഇല്ലായ്മകളും മറക്കും. പാരാലിംപിക്‌സില്‍ മത്സരങ്ങളില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത ഏക മലയാളിയായ കിഷോര്‍ ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധിച്ച് ഇപ്പോഴും അസ്ത്രം തൊടുക്കുകയാണ്.
ഉറക്കത്തിലായ ഫെഡറേഷനുകള്‍
അംഗപരിമിത താരങ്ങള്‍ക്ക് എന്നും വിനയാകുന്നത് കായിക സംഘാടകരുടെ നിലപാടുകളാണ്. രാജ്യത്തെ വിവിധ കായിക ഫെഡറേഷനുകളും ഇന്ത്യന്‍ പാരാലിംപിക് ഫെഡറേഷനും താരങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിച്ച് നില്‍പ്പാണ്. മികവ് തെളിയിച്ച് ലോക പാരാലിംപിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് അവസരങ്ങള്‍ കുറവാണ്. ഇന്ത്യന്‍ പാരാലിംപിക്‌സ് ഫെഡറേഷന്റെ സസ്‌പെന്‍ഷന്‍ വലിയ തിരിച്ചടിയായി മാറി. ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ മത്സരയിനങ്ങളുടെ ചുമതല മുഖ്യധാരാ ഫെഡറേഷനുകള്‍ക്ക് വീതംവച്ചു നല്‍കി. പാരാലിംപിക്‌സ് ഫെഡറേഷന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടും അമ്പെയ്ത് ഉള്‍പ്പടെ കായിക മത്സരങ്ങളുടെ നിയന്ത്രണം ഇപ്പോഴും മുഖ്യധാരാ ഫെഡറേഷനുകളുടെ കൈകളില്‍ തന്നെ.
Also Read I ആര് ശരിയാക്കും?
പാരാലിംപിക്‌സ് താരങ്ങള്‍ക്കായി ദേശീയ തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ആര്‍ച്ചറി ഫെഡറേഷന്‍ ഉള്‍പ്പടെ തയ്യാറായിട്ടില്ല. 2020ലെ ടോക്യോ പാരാലിംപിക്‌സ് ലക്ഷ്യം വയ്ക്കുന്ന കിഷോറിനെ പോലുള്ള താരങ്ങള്‍ക്ക് മത്സരിച്ച് കഴിവു തെളിയിക്കാനും യോഗ്യത നേടാനും അവസരങ്ങളില്ല.
suprabhaatham series on Paralympics players
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."