ശ്രീലങ്കക്കെതിരായ ദ്വിദിന സന്നാഹം: പ്രസിഡന്റ്‌സ് ഇലവനെ സഞ്ജു നയിക്കും
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ദ്വിദിന സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും. മധ്യപ്രദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നമാന്‍ ഓജയേയായിരുന്നു നേരത്തെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ താരത്തിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജുവിന് നറുക്ക് വീണത്. ഒരു മലയാളി താരത്തിന് ആദ്യമായാണ് ഇത്തരമൊരു സ്ഥാനം ലഭിക്കുന്നതെന്ന അഭിമാനകരമായ നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയിരിക്കുന്നത്. സഞ്ജുവിനെ കൂടാതെ കേരള താരങ്ങളായ രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍ എന്നിവരും കേരളത്തിനായി രഞ്ജി കളിക്കുന്ന മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയും ടീമില്‍ ഇടം കണ്ടിട്ടുണ്ട്.
നേരത്തെ ഒക്ടോബര്‍ 23ന് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നമാന്‍ ഓജയേയായിരുന്നു ക്യാപ്റ്റനായി നിയോഗിച്ചത്. താരത്തിന് പരുക്കേറ്റതോടെയാണ് അപ്രതീക്ഷിതമായി സഞ്ജുവിനെ നിയമിക്കുന്നത്. നമാന്‍ ഓജയും ടീമിലെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. 13 അംഗ ടീമില്‍ കേരളം, ഹൈദരാബാദ്, മധ്യപ്രദേശ്, പഞ്ചാബ് ടീമുകളിലെ താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സന്നാഹ മത്സരം അരങ്ങേറുന്ന ദിവസങ്ങളില്‍ രഞ്ജി ട്രോഫിയും നടക്കുന്നതിനാലാണ് ഈ നാല് ടീമുകളിലെ താരങ്ങളെ പ്രസിഡന്റ്‌സ് ഇലവന്‍ ടീമിലേക്ക് പരിഗണിച്ചത്.
നാളെയും ഞായറാഴ്ചയുമായാണ് സന്നാഹ മത്സരം അരങ്ങേറുന്നത്. മൂന്ന് വീതം മത്സരങ്ങളുള്ള ടെസ്റ്റ്, ഏകദിന, ടി20 പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ ടീം കളിക്കുന്ന ഏക പരിശീലന മത്സരമാണ് ദ്വിദിന പോരാട്ടം. ഈ മാസം 16 മുതല്‍ 20 വരെയാണ് ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റ്.
പ്രസിഡന്റ്‌സ് ഇലന്റെ നായകനാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സഞ്ജു പ്രതികരിച്ചു. വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍, നായകന്‍ എന്നീ റോളുകളുമായി കളിക്കാനിറങ്ങുന്നത് ആവേശമുണര്‍ത്തുന്ന കാര്യമാണ്. കേരള ടീമില്‍ ഒപ്പം കളിക്കുന്ന താരങ്ങള്‍ക്കും ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. അവര്‍ക്കും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), നമാന്‍ ഓജ, ജീവന്‍ജ്യോത് സിങ്, ബി സന്ദീപ്, തന്മയ് അഗര്‍വാള്‍, അഭിഷേക് ഗുപ്ത, രോഹന്‍ പ്രേം, ആകാശ് ഭണ്ഡാരി, ജലജ് സക്‌സേന, ചമ മിലിന്ദ്, ആവേശ് ഖാന്‍, സന്ദീപ് വാര്യര്‍, രവി കിരണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."