മലമാനിനെ വേട്ടയാടിയ മൂന്നംഗ സംഘം പിടിയില്‍
നിലമ്പൂര്‍: മലമാനിനെ വേട്ടയാടിയ മൂന്നംഗ സംഘം നാടന്‍ തോക്കുകളുമായി വനംവകുപ്പിന്റെ പിടിയിലായി. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ചപ്പങ്ങാതോട്ടത്തില്‍ അലവി(54), വലിയപിടിയേക്കല്‍ നിഷാദ്(36), ചാലിയാര്‍ എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് കുന്നമംഗലത്ത് സികില്‍ ദാസ് (47) എന്നിവരാണ് പിടിയിലായത്.
ഇവരില്‍നിന്നും രണ്ട് നാടന്‍ തോക്കുകള്‍, ഒരു എയര്‍ഗണ്‍, അഞ്ച് തിരകള്‍, മൂന്ന് കാലി കെയ്സുകള്, തിരകള്‍ക്കായി ഉപയോഗിക്കുന്ന മറ്റു ചില്ല് തിരകള്‍, വെട്ടുക്കത്തി ഉള്‍പ്പെടെ നാലു കത്തികള്‍, വേട്ടയാടി പിടിച്ച മ്ലാവിന്റെ 20 കിലോ മാംസം, വേട്ടക്കായി പ്രതികള്‍ ഉപയോഗിച്ച കാര്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും വനം വകുപ്പ് പിടിച്ചെടുത്തു.
എടവണ്ണ റെയ്ഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ എളഞ്ചീരി വനമേഖലയില്‍ നിന്നാണ് മലമാനിനെ വേട്ടയാടിയത്. പിടിയിലായ പ്രതികളുമായി ഇവിടെ നടത്തിയ പരിശോധനയില്‍ മൃഗത്തിന്റെ തല, തൊലി, മറ്റു അവശിഷ്ടഭാഗങ്ങളും കണ്ടെടുത്തു. പിടിച്ചെടുത്ത തോക്കുകളില്‍ എയര്‍ഗണും ഒരു തോക്കും ഓട്ടോറിക്ഷയും അലവിയുടേതും തോക്കുകളിലൊന്നും കാറും നിഷാദിന്റേതും, ബൈക്ക് സുകില്ദാസിന്റേതുമാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എ.സി.എഫ് പറഞ്ഞു. എടവണ്ണ റെയ്ഞ്ച് ഓഫിസര്‍ അബ്ദുല്‍ ലത്തീഫ്, സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ അംഗങ്ങളായ സ്റ്റേഷന് ഫോറസ്റ്റ് ഓഫിസര്‍മാരായ വി.രാജേഷ്, ഗിരീഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ഹരീഷ്, ശ്രിജിത് എന്നിവരാണ് വേട്ട സംഘത്തെ പിടികൂടിയത്. പ്രതികളെയും തോക്കുകളും മറ്റു തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."