കിട്ടാനില്ല 'റവന്യു സ്റ്റാമ്പ് '
ഇരിട്ടി: അധികൃതരുടെ അനാസ്ഥ മൂലം റവന്യു സ്റ്റാമ്പ് കിട്ടാക്കനിയായി. രണ്ട് മാസക്കാലമായി റവന്യു സ്റ്റാമ്പ് ക്ഷാമം രൂക്ഷമായിട്ടും ആവശ്യമായ റവന്യു സ്റ്റാമ്പ് ലഭ്യമാക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ അധികൃതര്‍ തയാറാവാത്തതിനാല്‍ സര്‍ക്കാര്‍ ധനസഹായമുള്‍പ്പെടെ കൈപ്പറ്റാന്‍ സാധിക്കാതെ സാധാരണക്കാര്‍ നെട്ടോട്ടമോടുകയാണ്.
നാസിക്കില്‍ നിന്നു അച്ചടിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയിലൂടെ ജില്ലാ ട്രഷറി വഴി അതാത് സബ് ട്രഷറിയിലെത്തിച്ച് സ്റ്റാമ്പ് വെണ്ടര്‍മാര്‍ മുഖേനയാണ് സംസ്ഥാനത്ത് റവന്യു സ്റ്റാമ്പ് വിതരണം നടക്കുന്നത്.അയ്യായിരം രൂപക്ക് മുകളില്‍ ഏത് ധനസഹായം കൈപ്പറ്റുന്നതിനും മറ്റ് സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്നതിനും റവന്യു സ്റ്റാമ്പ് ആവശ്യമാണ്.
കാലവര്‍ഷക്കെടുതി മൂലവും പ്രകൃതി ക്ഷോഭവുംമൂലമുള്ള ധനസഹായത്തിനും സര്‍ക്കാര്‍ ഭവന നിര്‍മാണ ധനസഹായം കൈപ്പറ്റുന്നതിനും ചികില്‍സക്കും മറ്റുമുള്ള സര്‍ക്കാര്‍ ധനസഹായം വാങ്ങിക്കുന്നതിനുമുള്‍പ്പെടെയുള്ള ഇടപാടുകള്‍ക്ക് റവന്യു സ്റ്റാമ്പ് നിര്‍ബന്ധമായതിനാല്‍ സഹായധനം കൈപ്പറ്റാന്‍ സാധിക്കാതെ സാധാരണക്കാരുള്‍പ്പെടെ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്.
റവന്യു സ്റ്റാമ്പ് ലഭ്യമാകാത്തത് എന്ത് കാരണത്താലാണെന്ന് വിശദീകരണം നല്‍കാന്‍ വെണ്ടര്‍മാര്‍ക്കും സബ് ട്രഷറി ഉദ്യോഗസ്ഥന്മാര്‍ക്കും സാധിക്കുന്നുമില്ല.
ജില്ലാ ട്രഷറിയില്‍ റവന്യു സ്റ്റാമ്പ് ആവശ്യത്തിനുണ്ടായിട്ടും സബ് ട്രഷറി വഴി വിതരണം ചെയ്യാന്‍ വകുപ്പ് മേധാവികള്‍ തയാറാവാത്തതാണ് റവന്യു സ്റ്റാമ്പ് ക്ഷാമത്തിന് കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്. റവന്യു സ്റ്റാമ്പ് വിതരണത്തിന് മെച്ചപ്പെട്ട ലാഭമില്ലാത്തതിനാല്‍ പലരും സ്റ്റാമ്പ് വിതരണം ചെയ്യാന്‍ താല്‍പര്യമെടുക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പല സബ് ട്രഷറി ഓഫിസര്‍മാരും തങ്ങളുടെ പക്കലുള്ള സ്റ്റാമ്പ് സ്റ്റോക്ക് വിവരങ്ങള്‍ മേലധികാരികള്‍ക്ക് കൈമാറാത്തതാണ് സ്റ്റാമ്പ് ക്ഷാമത്തിന് കാരണമെന്നാണ് ചില വെണ്ടര്‍മാര്‍ പറയുന്നത്.
അടിയന്തിരമായും ബന്ധപ്പെട്ടവര്‍ ഇടപെട്ട് സ്റ്റാമ്പ് ക്ഷാമത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ ഇടപാടുകള്‍ ഭൂരിഭാഗവും സ്തംഭിക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."