ദഅ്‌വത്തിനൊരു കൈത്താങ്ങ് പദ്ധതി: ഫണ്ട് സമാഹരണത്തിന് മികച്ച പ്രതികരണം
കോഴിക്കോട്: ദഅ്‌വത്തിനൊരു കൈത്താങ്ങ് രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി ഇന്നലെ പള്ളികള്‍ കേന്ദ്രീകരിച്ചു നടന്ന ഫണ്ട് സമാഹരണത്തിന് മികച്ച പ്രതികരണം. സമസ്തയുടെ എല്ലാ പദ്ധതികളെയും പോലെ കൈത്താങ്ങ് പദ്ധതിയുടെ പൂര്‍ണ വിജയത്തിനും പൊതു ജനങ്ങള്‍ ആത്മാര്‍ഥമായി സഹകരിച്ചു എന്നതിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയായിരുന്നു ഇന്നലെ നടന്ന ഫണ്ട് സമാഹരണ വിജയം.
മഹല്ല് ശാക്തീകരണം, സംസ്‌കരണ-ദഅ്‌വ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണ പ്രചാരണം, റിലീഫ് തുടങ്ങിയ പരിപാടികള്‍ ലക്ഷ്യമാക്കി 2015 മുതല്‍ സമസ്ത നടപ്പാക്കിവരുന്ന ദഅ്‌വത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ഇന്നലെ ഫണ്ട് സമാഹരണം നടന്നത്.
മഹല്ല്, മദ്‌റസ കമ്മിറ്റികള്‍ മുഖേന സമസ്ത നേതാക്കളുടെ അഭ്യര്‍ഥന കത്തുകളും കവറുകളും നേരത്തെ വീടുകളില്‍ എത്തിച്ചിരുന്നു. പള്ളികള്‍ കേന്ദ്രീകരിച്ച് ഫണ്ട് സമാഹരണം നടക്കാത്ത സ്ഥലങ്ങളില്‍ ഞായറാഴ്ച മദ്‌റസകള്‍ വഴിയാണ് ഫണ്ട് സമാഹരണം നടക്കുക. കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും സംഘടനാ പ്രവര്‍ത്തകരുമാണ് നേതൃത്വം നല്‍കുന്നത്. പാവപ്പെട്ടവനും പണക്കാരനും പണ്ഡിതനും സാധാരണക്കാരനും ഉള്‍പ്പെടെ മുഴുവനാളുകളും ഈ ജനകീയ സംരംഭത്തില്‍ പങ്കാളികളാവുന്നു എന്ന പ്രത്യേകതയാണ് കൈത്താങ്ങ് പദ്ധതിയുടെ വിജയം.
കഴിഞ്ഞ ദിവസം കൈത്താങ്ങ് പദ്ധതിയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തന്റെ വിഹിതം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. തുടര്‍ന്ന് മുശാവറ അംഗങ്ങളെല്ലാം തങ്ങളുടെ വിഹിതം ഹൈദരലി തങ്ങള്‍ക്ക് കൈമാറുകയുണ്ടായി.
ഇന്നലെ പള്ളികളില്‍ സമാഹരിച്ച തുകയും ഞായറാഴ്ച മദ്‌റസകള്‍ വഴി ലഭിക്കുന്ന സംഖ്യയും ഒന്നിച്ച് അതത് മഹല്ല് പ്രതിനിധികള്‍ 15ന് റെയ്ഞ്ച് കേന്ദ്രങ്ങളിലും റെയ്ഞ്ച് കോ-ഓഡിനേറ്റര്‍മാര്‍ അതത് റെയ്ഞ്ചുകളില്‍നിന്ന് സമാഹരിച്ച തുക നേരത്തെ നിര്‍ണയിച്ചു നല്‍കിയ തിയതിക്ക് ജില്ലാ കേന്ദ്രങ്ങളിലും എത്തിച്ച് റസിപ്റ്റ് കൈപ്പറ്റും. ഫണ്ട് സമാഹരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും സംഭാവന നല്‍കുകയും ചെയ്ത മുഴുവനാളുകളെയും കൈത്താങ്ങ് പദ്ധതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും പ്രത്യേകം അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."