പ്രതികാരത്തിന്റെ സ്പ്രിന്റ് റിലേ; കേരളത്തിന്റെ ഇരട്ട സ്വര്‍ണത്തിന് റെക്കോര്‍ഡിന്റെ തിളക്കം
ഭോപാല്‍: അതിവേഗത്തിന്റെ റിലേ പോരില്‍ ഇരട്ട പൊന്നില്‍ തിളങ്ങി കേരളം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-100 റിലേയിലാണ് കേരളം റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 2015 ലെ കോഴിക്കോട് മീറ്റില്‍ കേരളത്തെ വെള്ളിയിലേക്ക് പിന്തള്ളി തമിഴ്‌നാടും മഹാരാഷ്ട്രയും കുറിച്ച സമയത്തെയാണ് കേരള താരങ്ങള്‍ ഓടി തോല്‍പ്പിച്ചത്. ഇത്തവണയും തമിഴ്‌നാടും മഹാരാഷ്ട്രയും തന്നെയായിരുന്നു പ്രധാന എതിരാളികള്‍. എന്നാല്‍, കേരള താരങ്ങളുടെ കുതിപ്പിന് മുന്നില്‍ ഇവര്‍ക്ക് വഴിമാറി കൊടുക്കേണ്ടി വന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു സ്പ്രിന്റ് റിലേയുടെ ട്രാക്കില്‍.
മൂന്നാം ട്രാക്കിലായിരുന്നു ബാറ്റണുമായി കേരളം ഓടാനിറങ്ങിയത്. ബാറ്റണേന്തി ഓടി തുടങ്ങിയത് പ്രണവ്. രണ്ടാം ലാപ്പില്‍ അഖിലിന്റെ കുതിപ്പ്. ഒരു കൈ അകലത്തില്‍ ലീഡുമായി അരുണിന് ബാറ്റണ്‍ കൈമാറി. വേഗം നിലനിര്‍ത്തി മികവോടെ ബാറ്റണ്‍ കൈമാറാന്‍ അരുണിനായില്ല. സുവര്‍ണ കുതിപ്പിലേക്ക് ഓടി തുടങ്ങിയ സി അഭിനവിന് കാത്ത് നില്‍ക്കേണ്ടി വന്നു. എന്നാല്‍, മിന്നല്‍ പിണരായി പാഞ്ഞ അഭിനവ് റെക്കോര്‍ഡിലേക്കായിരുന്നു ഫിനിഷിങ് ലൈന്‍ തൊട്ടത്. ചാംപ്യന്‍ഷിപ്പിലെ അതിവേഗക്കാരന്‍ നിസാര്‍ അഹമ്മദായിരുന്നു അവസാന ലാപ്പില്‍ ഡല്‍ഹിക്കായി കുതിച്ച എസ് നേഹലിന് ബാറ്റണ്‍ കൈമാറിയത്. അഭിനവിന് മുന്നില്‍ അഞ്ചാം ട്രാക്കിലൂടെ കുതിച്ച നേഹല്‍ അവസാന വര കടന്നപ്പോള്‍ ഡല്‍ഹി ആഘോഷം തുടങ്ങി. എന്നാല്‍, മിന്നുന്ന കുതിപ്പില്‍ കേരളത്തിന് അഭിനവ് സ്വര്‍ണം ഉറപ്പിച്ചിരുന്നു. 42.86 സെക്കന്‍ഡിലായിരുന്നു കേരളത്തിന്റെ റെക്കോര്‍ഡ് സ്വര്‍ണ നേട്ടം. ഡല്‍ഹി (42.89) വെള്ളിയും തമിഴ്‌നാട് (43.05) വെങ്കലവും നേടി.
ആണ്‍കുട്ടികള്‍ പെരുതി നേടിയ ട്രാക്കില്‍ അനായാസ വിജയമായിരുന്നു പെണ്‍പടയുടേത്. രണ്ടാം ലാപ്പില്‍ ബാറ്റണ്‍ കൈമാറ്റത്തിലെ ചെറിയ പിഴവാണ് കൂടുതല്‍ മികച്ച സമയം കുറിക്കാന്‍ പെണ്‍പടയ്ക്ക് തടസമായത്. ക്യാപ്റ്റന്‍ പി.ഡി അഞ്ജലിയായിരുന്നു ആദ്യ ലാപ്പില്‍ ബാറ്റണുമായി കുതിച്ചത്. അനുവിന് ബാറ്റണ്‍ കൈമാറുന്നതില്‍ അല്‍പം പിഴവ്. ആന്‍ റോസിന് അനു ബാറ്റണ്‍ കൈമാറുമ്പോള്‍ ഹര്‍ഡില്‍സിലെ തമിഴ്‌നാടിന്റെ റെക്കോര്‍ഡ് ഓട്ടക്കാരി തബിതക്ക് പിന്നിലായിരുന്നു കേരളം. മൂന്നാം ലാപ്പില്‍ തമിഴ്‌നാടിന്റെ കൗസല്യയെ വേഗം കൊണ്ടു കീഴടക്കിയ ആന്‍ റോസ് ബാറ്റണ്‍ ആന്‍സി സോജന് കൈമാറി. മീറ്റിലെ അതിവേഗക്കാരി ആന്‍സി മിന്നലായി അവസാന വാര തൊട്ടതോടെ പൊന്നും റെക്കോര്‍ഡും കേരളത്തിന് സ്വന്തം. പെണ്‍കുട്ടികളുടെ പോരില്‍ 48.05 സെക്കന്‍ഡിലായിരുന്നു കേരളം റെക്കോര്‍ഡ് സ്വര്‍ണം നേടിയത്. 2015ല്‍ കേരളത്തെ പിന്നിലാക്കി മഹാരാഷ്ട്ര ഓടി കുറിച്ച 48.40 സെക്കന്‍ഡിന്റെ റെക്കോര്‍ഡ് പഴങ്കഥയായി. തമിഴ്‌നാട് 48.66 സെക്കന്‍ഡില്‍ വെള്ളിയും മഹാരാഷ്ട്ര (49.22) വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."