സഊദിയില്‍ അഴിമതിയാരോപണങ്ങളില്‍ അറസ്റ്റുചെയ്ത ഏഴുപേരെ വിട്ടയച്ചു
ജിദ്ദ: സഊദിയില്‍ അഴിമതിയാരോപണങ്ങളിയില്‍ അറസ്റ്റുചെയ്ത 208 പേരില്‍ ഏഴുപേരെ വിട്ടയച്ചു. ഇവരുടെ പേരില്‍ കുറ്റങ്ങളൊന്നും ചാര്‍ജ് ചെയ്തിട്ടില്ലെന്ന് സഊദി അറ്റോര്‍ണി ജനറലും അഴിമതിവിരുദ്ധകമ്മിറ്റി അംഗവുമായ ശൈഖ് സൗദ് അല്‍ മോജബ് അറിയിച്ചു.
അഴിമതിവിരുദ്ധ കമ്മിറ്റിയുടെ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇതുവരെ കണ്ടെത്തിയിരിക്കുന്ന അഴിമതിയുടെ തോത് വളരെ വലുതാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടന്ന അന്വേഷണങ്ങളില്‍ ചുരുങ്ങിയത് 10,000 യു.എസ്. ഡോളര്‍ പണം അഴിമതിയിലൂടെ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ ശക്തമാണ്. അതുതന്നെയാണ് അന്വേഷണം ആരംഭിക്കാന്‍ സഊദി നേതൃത്വത്തിന് പ്രേരണയായതെന്നും പ്രസ്താവനയില്‍ പറയുന്നു.
അന്വേഷണത്തിന് വിധേയമായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന ശുപാര്‍ശ അംഗീകരിച്ച് ചൊവ്വാഴ്ച സഊദി മോണിറ്ററി അതോറിറ്റിയുടെ ഗവര്‍ണര്‍ അത് നടപ്പാക്കിയതായും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. അറസ്റ്റിലായവരുടെ നിയമാവകാശങ്ങള്‍ മുന്‍നിര്‍ത്തി അവരെക്കുറിച്ചുള്ള സ്വകാര്യവിവരങ്ങള്‍ പുറത്തുവിടില്ല.
അറസ്റ്റ് വാണിജ്യസ്ഥാപനങ്ങളെ ബാധിച്ചിട്ടില്ല. അറസ്റ്റിലായവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകള്‍ മാത്രമാണ് മരവിപ്പിച്ചിരിക്കുന്നത്. സഊദി ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും നേതൃത്വത്തില്‍ സുതാര്യമായ നിയമചട്ടക്കൂടിനുള്ളില്‍ നിന്നാണ് സഊദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."