വിവാഹം മാനവ നന്മക്ക് ഉപകരിക്കണം: ഡോ. അഹ്മദ് റാഷിദ് അല്‍ റഹീലി
കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ തണലില്‍ അഞ്ചു നിര്‍ധന യുവതികള്‍ മംഗല്യവതികളായി
പള്ളിക്കര: വിവാഹം മാനവ നന്മക്ക് ഉപകരിക്കണമെന്നും മതം ഇക്കാര്യം കൃത്യമായി വിഭാവനം ചെയ്തിട്ടുണ്ടെന്നും മദീന മുനവ്വറ ഗ്രാന്റ് മുഫ്തി ഡോ. അഹ്മദ് റാഷിദ് അല്‍ റഹീലി. വിശുദ്ധ ഖുര്‍ആന്‍ ഇതു സംബന്ധമായി മത വിശ്വാസികള്‍ക്കു കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പ്രവാചകരും വിവാഹ ബന്ധത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ വളരെ വിശദമായി നമുക്കു പ്രതിപാദിച്ചു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കര കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമൂഹ വിവാഹത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം വിഭാവനം ചെയ്ത രീതിയില്‍ സമൂഹം വിവാഹ ബന്ധം തിരഞ്ഞെടുക്കുമ്പോള്‍ അതു മാനവ കുലത്തിനു നല്‍കുന്നത് മഹിതമായ നന്മകളാണ്. അത്തരം നന്മകള്‍ വഴി സമൂഹത്തിനുണ്ടാകുന്നത് സുകൃതങ്ങളാണെണെന്നും അദ്ദേഹം പറഞ്ഞു.
അറൂസ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബൂബക്കര്‍ ഹാജി അധ്യക്ഷനായി. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യാതിഥിയായി. സമസ്ത സംസ്ഥാന ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫലസ്തീന്‍ ഐക്യരാഷ്ട്ര സഭ കലാലയത്തിലെ പ്രിന്‍സിപ്പാള്‍ അമീന്‍ മുഹമ്മദ് ഉബൈദലി, ഫലസ്തീന്‍ വിദ്യാലയത്തിലെ പ്രധാനധ്യാപകന്‍ മുഹമ്മദ് ഉബൈദ് അലി, ദുബൈ മതകാര്യ മേധാവി ജുമാ ഇബ്രാഹിം, പള്ളിക്കര ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, അറൂസ്‌കോ കമ്മിറ്റി കോര്‍ഡിനേറ്റര്‍ കെ.ഇ.എ ബക്കര്‍, മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എം.സി ഖമറുദ്ധീന്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, ഡി.സി.സി പ്രസിഡന്റ് ഹഖീം കുന്നില്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ ഷാനവാസ്, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി. കെ. ദാമോദരന്‍, ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്‍, വര്‍ക്കിങ് ചെയര്‍മാന്‍ ടി. നാസര്‍, ട്രഷറര്‍ എ.കെ മുഹമ്മദ് കുഞ്ഞി ഹാജി, ജന.കണ്‍വീനര്‍ സി.എച്ച് മിഖ്ദാദ് എന്നിവര്‍ സംസാരിച്ചു.
ജീവ കാരുണ്യ സാമൂഹിക സേവന മേഖലയിലെ എം.ടി മുഹമ്മദ് ഹാജി തൊട്ടി, തായല്‍ കുഞ്ഞബ്ദുല്ല പൂച്ചക്കാട്, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ കെ.വി മുഹമ്മദ് തസ്രീഫ്, ഫാത്തിമത്ത് തസ്‌ലിന, ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിള് മുഫ്തി മുഹമ്മദ് മുസമ്മില്‍, ഹാഫിള് മുഹമ്മദ് ശാനിദ് ജെസില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ടി.പി കുഞ്ഞബ്ദുല്ല ഹാജി, ഹാജി അഹമ്മദ് തെക്കെപ്പുറം, ബഷീര്‍ മാളികയില്‍ തബ്‌സ്‌കോ, കടപ്പുറം അബ്ദുള്‍ റഹിമാന്‍ ഹാജി, ഹിലാല്‍ ഹംസ കല്ലിങ്കാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യൂത്ത് ഓര്‍ഗനൈസേഷന്റെ തണലില്‍ അഞ്ചു നിര്‍ധന യുവതികള്‍ മംഗല്യവതികളായി. അറൂസ് 2017 എന്ന പേരില്‍ നടന്ന സമൂഹ വിവാഹം പള്ളിക്കരയില്‍ പ്രത്യേകം തയാറാക്കിയ ഖാസി സി.എച്ച് അബ്ദുല്ല മുസ്‌ലിയാര്‍ നഗറില്‍ നടന്നു. നിക്കാഹ് കര്‍മ്മത്തിന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."