നാടിന്റെ വികസനത്തിന് തോള്‍ ചേര്‍ന്ന് ക്ഷേത്രം, പള്ളി കമ്മിറ്റികള്‍
അമ്പലവയല്‍-പൈങ്ങട്ടരി റോഡ് ഒന്നരക്കിലോമീറ്റര്‍ ദൂരം വീതി കൂട്ടി
മാനന്തവാടി: നാടിന്റെ വികസനത്തിന് കൈകോര്‍ത്ത് ക്ഷേത്രം, ജുമാ മസ്ജിദ് കമ്മിറ്റികള്‍.
എടവക പഞ്ചായത്തിലെ അമ്പലവയല്‍ പൊടിക്കളം ശ്രീകുരുമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റിയും ജുമാ മസ്ജിദ് കമ്മിറ്റിയുമാണ് അമ്പലവയല്‍-പൈങ്ങട്ടരി റോഡ് വീതിക്കൂട്ടാന്‍ തോള്‍ ചേര്‍ന്നത്. ഒന്നര കിലോമീറ്റര്‍ ദൂരമാണ് ഇവരുടെ കൂട്ടായ്മയില്‍ വീതി കൂട്ടിയത്. അഞ്ച് ഞായറാഴ്ചകളിലായി ഒരു ലക്ഷം രൂപ ചിലവിട്ടാണ് വികസന പ്രവൃത്തി പൂര്‍ത്തിയാക്കിയത്. റോഡിന്റെ വീതി കുറവ് കാരണം ഗതാഗതം ദുഷ്‌കരമായിരുന്ന ഈ റോഡില്‍ ഇതോടെ ഗതാഗതം സുഗമമായി.
നാടിന്റെ വികസനത്തിനായുള്ള ഈ കൂട്ടായ്മക്ക് പുറമേ പള്ളിയിലേയും അമ്പലത്തിലേയും ഉത്സവങ്ങളും നബിദിനവുമെല്ലാം ഇരു കമ്മിറ്റികളും സഹകരിച്ചാണ് കൊണ്ടാടുന്നത്. മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് സാഹോദര്യത്തിന്റെ നല്ല മാതൃകയാകുകയാണ് അമ്പലവയല്‍ പൊടിക്കളം ക്ഷേത്ര, ജുമാമസ്ജിദ് കമ്മിറ്റികള്‍.
റോഡ് പ്രവൃത്തിക്ക് ക്ഷേത്രം സെക്രട്ടറി പുനത്തില്‍ രാജന്‍, ട്രസ്റ്റി മലയില്‍ ബാബു, പള്ളി കമ്മിറ്റി പ്രസിഡന്റ് ആയങ്കി മുഹമദ്, സെക്രട്ടറി മാലിക്ക് മൂടമ്പത്ത്, ചക്കര ഇബ്രാഹീം, ജസ്റ്റിന്‍ ബേബി, കെ മുസ്തഫ, പൗലോസ് പാറപ്പുറം, വാസു പുളിക്കുന്ന്, അന്ത്രു അരീക്ക പുറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."