കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷാഫലം വൈകുന്നത് വിദ്യാര്‍ഥികളെ വലയ്ക്കുന്നു
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ പഠന വിഭാഗങ്ങളില്‍ പരീക്ഷാ ഫലം വൈകുന്നതും മൂല്യനിര്‍ണയത്തിലുണ്ടാകുന്ന അപാകതയും വിദ്യാര്‍ഥികളെ വലയ്ക്കുന്നു. പ്രൊഫഷനല്‍ വിഭാഗം ഉള്‍പ്പെടെയുള്ള കോഴ്‌സുകളിലെ ഫലമാണ് വൈകുന്നത്. സാധാരണ ഗതിയില്‍ പരീക്ഷ നടത്തി രണ്ടു മാസത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കുന്നതിനു പകരം അധ്യാപകരുടെ കുറവ് ചൂണ്ടിക്കാട്ടി അനിശ്ചിതത്വം തുടരുകയാണ്. 2009 മെയ് മാസത്തില്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബി.ടെക് കഴിഞ്ഞ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലമാണ് എട്ടു വര്‍ഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തത്.
കോഴ്‌സ് പൂര്‍ത്തിയായതിനുശേഷം സപ്ലിമെന്ററി പേപ്പര്‍ എഴുതിയവരും എഴുതാനിരിക്കുന്നവരുമാണ് ഇതു കാരണം പ്രയാസത്തിലായത്. അതേസമയം ബി.ടെക് കോഴ്‌സുകള്‍ നിലവില്‍ കെ.ടി.യുവിന്റെ ഭാഗമായതിനാല്‍ ജോലി ഭാരം കുറവാണ്. എന്നിട്ടും ഇക്കാര്യത്തില്‍ കാര്യമായ ശ്രദ്ധ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഫലപ്രഖ്യാപനം വൈകുന്നതിനാല്‍ വേഗത്തില്‍ കോഴ്‌സ് പൂര്‍ത്തീകരിക്കാനോ തുടര്‍പഠനമോ സാധ്യമാകുന്നില്ല. ഒരു പേപ്പര്‍ മാത്രം സപ്ലിമെന്ററിയായി ലഭിക്കുന്ന വിദ്യാര്‍ഥിക്കു പോലും പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടാന്‍ ഒന്നര വര്‍ഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഒരു പേപ്പറിന് ഏകദേശം 650 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ കാര്യക്ഷമമായി ഇതും നടക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കൂടാതെ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞിട്ടും ഫലം പ്രസിദ്ധീകരിക്കാത്തതും വിദ്യാര്‍ഥികളെ വലയ്ക്കുന്നുണ്ട്. അധികൃതര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ ആവശ്യമായ അധ്യാപകരില്ലെന്നാണ് അറിയിച്ചത്.
ഫെബ്രുവരിയില്‍ നടന്ന റഗുലര്‍, വിദൂര വിഭാഗത്തിന്റെയും മൂന്നാം സെമസ്റ്റര്‍ ബി.എ ഹിസ്റ്ററി പരീക്ഷയിലും കൂട്ടത്തോല്‍വിയാണെന്നും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്. നവംബര്‍ എട്ടിന് ഫലം പുറത്തു വന്നത്. ഫലം പുറത്തുവന്നതിന് മൂന്നു ദിവസത്തിനകം തന്നെ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫീസ് അടയ്ക്കാനുള്ള തിയതി വന്നതും വിദ്യാര്‍ഥികളെ വെട്ടിലാക്കി. എഴുതിയ ഉത്തരക്കടലാസ് ലഭിക്കുന്നതിനുള്ള സ്‌ക്രൂട്ടിനി അപേക്ഷക്കായി പണമടച്ചാലും ഇവ ലഭിക്കുന്നില്ലെന്നും ലഭ്യമായാല്‍ തന്നെ വായിക്കാന്‍ സാധിക്കാത്ത തരത്തിലാണ് ഇവ അയച്ചു കൊടുക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
പരീക്ഷകള്‍ യഥാക്രമം നടത്തി രണ്ടു മാസത്തിനുള്ളില്‍ ഫലം ലഭ്യമാക്കുക, പുനര്‍മൂല്യ നിര്‍ണയത്തിന്റെ ഫലം ലഭ്യമാക്കുക എന്നിവയാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂനിവേഴ്‌സിറ്റി സേവ് എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമരപരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഭിജിത്ത്മാണി, ബെന്‍ജോയ് ആന്റണി, പി.കെ പ്രഭാഷ്, അസ്‌ലം, പി.കെ ഷമീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."