കുട്ടി പരാതിക്കാര്‍ക്ക് ഇനി പൊലിസ് മാമന്മാര് തുണയാകും
തിരുവനന്തപുരം: കുട്ടി പരാതിക്കാര്‍ക്ക് ഇനി സധൈര്യം പൊലിസ് സ്റ്റേഷനുകളില്‍ പരാതിയുമായി എത്താം. പൊലിസ് മാമന്മാര് സ്വീകരിക്കും. പരാതി സ്വീകരിച്ച് വേണ്ട നടപടിയും സ്വീകരിക്കും.
ശിശുസൗഹൃദ പൊലിസ് സ്റ്റേഷനുകള്‍ ശിശുദിനമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ചില്‍ഡ്രന്‍ ആന്‍ഡ് പൊലിസ് (ക്യാപ്) പദ്ധതിയിലൂടെയാണ് സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളെ ശിശുസൗഹൃദമാക്കി മാറ്റുന്നത്. ആറു സ്റ്റേഷനുകളാണ് ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയത്. തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, കൊച്ചി കടവന്ത്ര, തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ എന്നീ സ്റ്റേഷനുകളാണ് ഒന്നാം ഘട്ടത്തില്‍ അണിയിച്ചൊരുക്കിയത്.
25 ലക്ഷം രൂപയാണ് ഓരോ സ്റ്റേഷനുകള്‍ക്കും ചെലവാക്കിയത്. യൂനിസെഫിന്റെ സഹകരണത്തോടെയാണ് പദ്ധതി.
പൊലിസ് സ്റ്റേഷന് വളപ്പില്‍ കുട്ടികള്‍ക്കായി പ്രത്യേകം മുറികള്‍, വര്‍ണാഭമായ പെയിന്റിങും ചുമര് ചിത്രങ്ങളും ഒക്കെയായി കുട്ടികളെ ആകര്‍ഷിക്കും വിധമാണ് മുറികളൊരുക്കിയിരിക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ചുമരുകളില്‍ ഇടം നേടി. മാനസിക ഉല്ലാസത്തിനായി ടെലിവിഷനും കളിക്കോപ്പുകളും ഒരുക്കിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ ജീവനക്കാരുടെയും മനഃശാത്രജ്ഞരുടെയും സേവനം സ്റ്റേഷനുകളിലുണ്ടാകും.
പരാതി അറിയിക്കാന്‍ പൊലിസ് സ്റ്റേഷനിലേക്ക് കടന്നുവരാന്‍ കുട്ടികളെ സജ്ജമാക്കുക, കേസിന്റെ ഭാഗമായി സ്റ്റേഷനിലെത്തുന്ന കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുക, കുടുംബത്തിലും സമൂഹത്തിലും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉള്ളിലൊതുക്കാതെ തുറന്ന് പറയാന്‍ അവസരമൊരുക്കുക, കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുക, ഓരോ പ്രദേശത്തും കുട്ടികള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളുടെ പൂര്‍ണവിവരം ശേഖരിക്കുക തുടങ്ങിയവയാണ് ക്യാപ് പദ്ധതിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."