കസ്റ്റഡി മരണം; പൊലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിങ്ങ് മാറ്റിവച്ചു
വണ്ടൂര്‍: മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷന് ബാത്ത്റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്നലെ വണ്ടൂരില്‍ നടക്കേണ്ടിയിരുന്ന പൊലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിങ്ങ് മാറ്റിവച്ചു. കംപ്ലയിന്റ് അതോറിറ്റി അംഗമായ മുന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിന് പിതാവിന്റെ മരണത്തെ തുടര്‍ന്ന് എത്താന്‍ സാധിക്കാതിരുന്നത് കാരണമാണ് സിറ്റിങ്ങ് മാറ്റിവച്ചത്. മൊഴിയെടുക്കുന്നതിനായി അതോറിറ്റി ചെയര്മാന് ജസ്റ്റിസ് വി.കെ മോഹനന്, അംഗം തോമസ് വള്ളിക്കാപറമ്പില്‍ എന്നിവര്‍ വണ്ടൂര്‍ റസ്റ്റ് ഹൗസില്‍ എത്തിയിരുന്നു. മരണപ്പെട്ട ലത്തീഫിന്റെ ഭാര്യ, കുടുംബാംഗങ്ങള്‍, അഭിഭാഷകന്, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴിയെടുക്കാനും സംഭവം നടന്ന വണ്ടൂര്‍ പൊലിസ് സ്റ്റേഷന് സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കാനുമായിരുന്നു കമ്മീഷന് തീരുമാനിച്ചിരുന്നത്. ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്, സി.ഐ എ.ജെ ജോണ്സണ്,എസ്.ഐ പി.ചന്ദ്രന് എന്നിവരടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ലത്തീഫിന്റെ കുടുംബത്തിനും സാക്ഷികള്‍ക്കും സിറ്റിങ്ങ് മാറ്റിവച്ച വിവരം നല്കിയതിനാല് ഇവരാരും എത്തിയിരുന്നില്ല.
2016 സെപ്റ്റംബറിലായിരുന്നു സംഭവം. പൊലിസിന്റെ മര്‍ദ്ദനം മൂലമാണ് ലത്തീഫ് മരണപ്പെട്ടതെന്നാരോപണവുമായി കുടുംബവും ഒരു വിഭാഗം നാട്ടുകാരും രംഗത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ അന്നത്തെ പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് നാരായണകുറിപ്പ് മരണം സംബന്ധിച്ച് സംശയമുന്നിയിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. സിറ്റിങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്നും ജസ്റ്റിസ് വി.കെ മോഹനന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."