മാള പഞ്ചായത്ത് പ്രസിഡന്റ് മാപ്പ് പറയണമെന്ന് സി.പി.ഐ
മാള: മാള ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐക്കെതിരെ അടിസ്ഥാന രഹിത ആക്ഷേപം ഉന്നയിച്ച മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സി.പി.ഐ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാള പഞ്ചായത്തിലെ സി.പി.ഐക്ക് ഇരട്ടത്താപ്പാണെന്ന് വസ്തുതകള്‍ക്ക് വിരുദ്ധമായ വാര്‍ത്ത നല്‍കി മാധ്യമങ്ങളിലൂടെ പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ കള്ളപ്രചാരണം നടത്തുകയായിരുന്നു.
ജനങ്ങള്‍ക്കിടയില്‍ സി.പി.ഐയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഈമാസം 10 ന് കൂടിയ മാള ഗ്രാമപഞ്ചായത്ത് യോഗത്തില്‍ സി.പി.ഐ ജനോപകാരപ്രദമായ നിലപാടാണ് ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ചത്.
ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട എ ഫോര്‍ എഗ്രിമെന്റ് ഒപ്പ് വെക്കുന്നതിന് മുന്‍പ് എഗ്രിമെന്റിന്റെ വിശദാംശങ്ങളും ജലനിധി പദ്ധതി നടപ്പിലാക്കുന്ന ആറ് ഗ്രാമപഞ്ചായത്തുകളിലെ എസ്.എല്‍.ഇ.സി കള്‍ ഉള്‍പ്പെടുന്ന ഫെഡറേഷന്റെ തുടര്‍ പരിപാലന നിയമാവലിയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും എസ്.എല്‍.ഇ.സി ഭരണസമിതി അംഗങ്ങളും ചര്‍ച്ച ചെയ്തതിന് ശേഷമേ എ ഫോര്‍ എഗ്രിമെന്റ് ഒപ്പ് വെക്കുവാന്‍ പാടുള്ളു എന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്.
ഈമാസം ഒന്നിന് അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം നടപ്പിലാക്കണമെന്ന ആവശ്യവുമാണ് സി.പി.ഐ ഉന്നയിച്ചത്.
ഈ വിഷയത്തെ എം.എല്‍.എ പങ്കെടുത്ത യോഗത്തില്‍ മിനിമം വെള്ളക്കരം 70 രൂപയാക്കാന്‍ സി.പി.ഐ അംഗങ്ങള്‍ അനുകൂലിച്ചിരുന്നെന്നും തീരുമാനത്തിന് അനുകൂലമായി കൈയ്യടിച്ച് അനുമോദിച്ചു എന്നുമുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
എം.എല്‍.എ പങ്കെടുത്ത യോഗത്തിലെ തീരുമാനം 5000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നവരില്‍ നിന്നും മിനിമം 60 രൂപ ചാര്‍ജ്ജ് ചെയ്യാമെന്നാണ്. മുന്‍ എം.എല്‍.എയുടെ കാലഘട്ടത്തില്‍ തുടങ്ങി വെച്ച ജലനിധി പദ്ധതിയില്‍ ഉപയോഗിച്ചിട്ടുള്ള പൈപ്പുകളും വാട്ടര്‍ മീറ്ററുകളും അടക്കമുള്ള ഉപകരണങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭിപ്രായപ്രകാരം 2016 സെപ്റ്റംബര്‍ അഞ്ചിന് പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനം നടപ്പിലാക്കാന്‍ ഉത്തരവാദിത്വപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യത്തില്‍ കാണിക്കുന്ന അലംഭാവം സംശയാസ്പദമാണ്.
മാള ഗ്രാമപഞ്ചായത്തിന്റെ ജലനിധി അടക്കമുള്ള മുഴുവന്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ജനപക്ഷ നിലപാട് സ്വീകരിക്കുന്ന സി.പി.ഐ അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന പുറപ്പെടുവിക്കുന്ന മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ പ്രലോഭനങ്ങള്‍ക്ക് വശംവദനായിട്ടാണെന്നാണ് സി.പി.ഐ കരുതുന്നത്. വെള്ളത്തിന്റെ ശുദ്ധതക്ക് വാട്ടര്‍ അതോറിറ്റിക്ക് ബാദ്ധ്യതയില്ലെന്നത് അംഗീകരിക്കാനാകില്ല.
ജനോപകാരപ്രദമായി ജലനിധി പദ്ധതിയെ മാറ്റിയെടുക്കേണ്ടതിന് പകരം രാഷ്ട്രീയ കളി നടത്താനാണ് പ്രസിഡന്റിന് താല്‍പ്പര്യം. ജലനിധി പദ്ധതിയിലെ അപാകതകള്‍ എല്ലാം പരിഹരിക്കണം.
ജലനിധി പദ്ധതി നടപ്പാക്കുന്നതിന് മുന്‍പായി എഫോര്‍ എഗ്രിമെന്റിനേയും തുടര്‍പരിപാലന കരാറിനേയും സംബന്ധിച്ച് ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ എഗ്രിമെന്റില്‍ ഒപ്പിടാവൂ എന്നും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച മാള ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു ഉറുമീസ്, പി.കെ മോഹനന്‍, ശോഭ സുഭാഷ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."