തുറമുഖ നിര്‍മാണം: കേന്ദ്രം നിലപാടറിയിക്കണമെന്ന് മന്ത്രി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണത്തിനുള്ള വിഹിതം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിലപാടറിയിക്കണമെന്ന് തുറമുഖ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. ഇക്കാര്യം സംബന്ധിച്ചു കേന്ദ്രകൃഷി മന്ത്രി രാധാ മോഹന്‍ സിംഗുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
കേന്ദ്രാവിഷ്കൃത പദ്ധതിയില്‍പ്പെടുത്തി എട്ടു മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണമാണു കേരളത്തില്‍ നടക്കുന്നത്. ഇതിനു പുറമേ ഒരു ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ നിര്‍മാണവും മറ്റൊന്നിന്റെ നവീകരണവും നടക്കുന്നു.
372.16 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 247.07 കോടി രൂപ കേന്ദ്ര വിഹിതമാണ്. 2005ല്‍ തുടങ്ങിയ പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ 127.56 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിച്ചു.
ബാക്കിയുള്ള 195.5 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു പലതവണ കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ലെന്നും മേഴ്സിക്കുട്ടിയമ്മ കേന്ദ്രമന്ത്രിയെ അറിയിച്ചു.
പദ്ധതിക്കായുള്ള കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായതിനാലാണു തുക ലഭ്യമാക്കാന്‍ തടസമായതെന്നും കേരളം ഉന്നയിച്ച വിഷയം ധനമന്ത്രാലയവുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."