കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍
നെടുമ്പാശ്ശേരി: കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസില്‍ പ്രതിയായ ലക്ഷദ്വീപ് സ്വദേശി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. മിനിക്കോയി സ്വദേശി മൂസാകുഞ്ഞ് ദോത്തി (46) ആണ് പിടിയിലായത്.
ഇന്നലെ രാവിലെ ഖത്തറില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ ഇയാളെ മിനിക്കോയി പൊലിസാണ് പിടികൂടിയത്. ഇയാള്‍ ഖത്തറില്‍ നിന്ന് മടങ്ങിവരുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.
പത്തു വയസില്‍ താഴെയുള്ള കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നത്. ലക്ഷദ്വീപിലെ സ്വന്തം വീട്ടില്‍വച്ചാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന ദൃശ്യങ്ങള്‍ ഇയാളുടെ ഭാര്യ നൂര്‍ജഹാനാണ് കാമറയില്‍ പകര്‍ത്തിയിരുന്നത്. ഇത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവര്‍ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചത്.
നൂര്ജഹാന് നേരത്തേതന്നെ മിനിക്കോയി പൊലിസിന്റെ പിടിയിലായിരുന്നു. പീഡന ദൃശ്യങ്ങള്‍ ഇവര്‍ ഇന്റര്‍നെറ്റ് വഴി വില്പന നടത്തിയതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിനുപിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്. ഇപ്പോള്‍ പിടിയിലായ മൂസാകുഞ്ഞിനെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."