എ.ടി.എം തട്ടിപ്പ്; നടന്നത് ഹാക്കിങ്, അഞ്ചാമന്‍ റൊമേനിയന്‍ സ്വദേശി കോസ്‌നെ
തിരുവനന്തപുരം: എ.ടി.എം തട്ടിപ്പില്‍ ഹാക്കിങാണ് നടന്നതെന്ന് പൊലിസ്. തട്ടിപ്പിന് ഉപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥീരീകരിച്ചത്.
എ.ടി. എം കാര്‍ഡിലെ വിവരങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്ന സ്‌കിമ്മര്‍ എന്ന ഉപകരണമാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്നായിരുന്നു ആദ്യം പൊലിസ് സംശയിച്ചിരുന്നത്. എ.ടി.എം മെഷീനില്‍ ഹാക്കിങാണ് നടന്നതെന്ന് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. എ.ടി.എമ്മില്‍ നിന്ന് അക്കൗണ്ടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി പൊലിസ് സംശയിക്കുന്നു. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ബാങ്കിലേക്ക് മെഷീനില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യുന്ന വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് കണ്ടെത്തിയത്.
റൊമേനിയന്‍ തട്ടിപ്പുസംഘത്തിന് പ്രാദേശികമായി സഹായം ലഭിച്ചതായും പൊലിസ് കണ്ടെത്തി. എസ്.ബി.ഐ പൊലിസിന് നല്‍കിയ എ.ടി.എം കൗണ്ടറിലെ ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. തിരുവനന്തപുരം ആല്‍ത്തറ ജങ്ഷനിലെ എ.ടി.എം കൗണ്ടറില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ഏഴു ലക്ഷത്തോളം രൂപയാണ് റൊമേനിയന്‍ തട്ടിപ്പുസംഘം സംസ്ഥാനത്തുനിന്നു തട്ടിയെടുത്തത്. 450 പേരുടെ വിവരങ്ങള്‍ ഇവര്‍ എ.ടി.എം കൗണ്ടറില്‍ നിന്നു ശേഖരിച്ചതായും വിവരം ലഭിച്ചു.
ഇതിനിടെ എ.ടി.എം തട്ടിപ്പു കേസില്‍ അഞ്ചാമതൊരു പ്രതികൂടി ഉള്ളതായി പൊലിസ് കണ്ടെത്തി. റൊമേനിയന്‍ സ്വദേശിയായ കോസ്‌നെയാണ് അഞ്ചാമന്‍. റൊമേനിയന്‍ സ്വദേശിയായ ഗബ്രിയേല്‍ മരിയന്‍ അറസ്റ്റിലായതിന് പിന്നാലെ കോസ്‌നെ തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കടന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. 11 നാണ് മുംബൈയില്‍ നിന്ന് ഇയാള്‍ തുര്‍ക്കിയിലേക്കു കടന്നത്. ഇയാള്‍ക്കു വേണ്ടി പണം പിന്‍വലിച്ചത് ഇന്ത്യക്കാരനാണെന്നും പൊലിസ് കണ്ടെത്തി. ഒന്‍പതിന് രാത്രി 11.46ന് ഗബ്രിയേല്‍ അറസ്റ്റിലായതിനു പിന്നാലെ ഒരാള്‍ എ.ടി.എം കൗണ്ടറിലേക്ക് കടന്നു പണം പിന്‍വലിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. ഇയാള്‍ കറുത്ത ഷര്‍ട്ടും ജീന്‍സും ധരിച്ചിരുന്നു.
നിരവധി കാര്‍ഡുകള്‍ ഇയാള്‍ എ.ടി.എമ്മില്‍ ഇട്ടു നോക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പൊലിസ് ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ ഇയാളെക്കുറിച്ച് അറിയില്ലെന്ന് ഗബ്രിയേല്‍ പറഞ്ഞു. തട്ടിപ്പിനു പിന്നാലെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‌തെങ്കിലും ഇതിനകം അക്കൗണ്ടില്‍ നിന്ന് 17,500 രൂപ കോസ്‌നെ പിന്‍വലിച്ചു. ഈ പണവുമായാണ് ഇയാള്‍ തുര്‍ക്കിയിലേക്കു കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."