ഏറ്റുമാനൂരില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങിയ ഒഡിഷ സ്വദേശി പിടിയില്‍
ഗുരുവായൂര്‍/ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങിയ ഒഡിഷ സ്വദേശി മണിക്കൂറുകള്‍ക്കുള്ളില്‍ ഗുരുവായൂരില്‍ നിന്ന് പിടിയിലായി. കൂടെ താമസിക്കുന്ന ഒഡിഷക്കാരന്‍ കൂടിയായ സുഹൃത്തിനെ വധിച്ച ശശി നായ്ക് (28)നെയാണ് ഗുരുവായൂര്‍ എ.സി.പി പി.എ ശിവദാസന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടത്തിയ ശേഷം ഇന്നലെ രാവിലെ ഏറ്റുമാനൂരില്‍ നിന്ന് ഇയാള്‍ മുങ്ങുകയായിരുന്നു.
ഏറ്റുമാനൂരിനുസമീപം എം.സി.റോഡില്‍ പാറോലിക്കല്‍ കവലയില്‍ ജയം സ്റ്റോണ്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ തൊഴിലാളി ഒഡിഷാ സ്വദേശി ചന്ദ്രമണി ദുര്‍ഗ എന്ന ജഗു (28 ) ആണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ഫോട്ടോയും വിവരങ്ങളും വാട്‌സ് ആപ്പ് വഴി പൊലിസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി ഗുരുവായൂരിലുണ്ടെന്ന് പൊലിസ് മനസിലാക്കി. ടെംപിള്‍, ഗുരുവായൂര്‍, ചാവക്കാട് സ്റ്റേഷനുകളിലെ പൊലിസുകാര്‍ സംഘം തിരിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇതിനിടെ ഏറ്റുമാനൂരില്‍ നിന്നുള്ള പൊലിസും ഗുരുവായൂരിലെത്തി.
വാട്‌സ് ആപ്പിലുള്ള പ്രതിയുടെ ചിത്രം കാണിച്ച് ഗുരുവായൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടങ്ങളിലെല്ലാം പൊലിസ് തിരച്ചില്‍ നടത്തിയിരുന്നു. സംശയം തോന്നിയ തൊഴിലാളികളെ സ്‌റ്റേഷനില്‍ കൊണ്ടുവന്നു ചോദ്യംചെയ്തു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കിഴക്കേനട മാടക്കാവിലെ ഒരു വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനായി ഏറ്റുമാനൂരിലേക്ക് കൊണ്ടുപോയി.
ജയം സ്റ്റോണ്‍ വര്‍ക്‌സ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന മുറിയില്‍ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ ഇവരെ കാണാതിരിക്കുകയും അനക്കമൊന്നും കേള്‍ക്കാത്തതിനെയും തുടര്‍ന്ന് താഴെയുള്ള വ്യാപാരികള്‍ക്ക് സംശയം തോന്നി. ഇതേത്തുടര്‍ന്ന് ഇവരുടെ മുറിയില്‍ കയറിനോക്കിയ നാട്ടുകാരായ ബാബുവും പാപ്പനുമാണ് മൃതദേഹം ആദ്യം കണ്ടത്.
കഴുത്തില്‍ ലുങ്കിചുറ്റി ശ്വാസംമുട്ടിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം നീല ബഡ്ഷീറ്റ് കൊണ്ട് മൂടിയിരുന്നു. മുഖത്തും ശരീരത്തും ചതവും നിരവധി മുറിവുകളുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."