കെ.എസ്.ആര്.ടി.സി ബസില്‍ അക്രമം; കണ്ടക്ടറുടെ ചെവി അടിച്ചുതകര്‍ത്തു
തൊടുപുഴ: മദ്യലഹരിയിലെത്തിയ സഹോദരന്മാര് കെ.എസ്.ആര്.ടി.സി ബസ് കണ്ടക്ടറുടെ ചെവി ടിക്കറ്റ് മെഷീന് ഉപയോഗിച്ച് അടിച്ചുതകര്‍ത്തു. കുമളി ഡിപ്പോയിലെ കണ്ടക്ടര്‍ ചക്കുപ്പള്ളം, കുങ്കിരിപ്പെട്ടി തെക്കുംമുറിയില്‍ വീട്ടില്‍ സനീഷ് ലൂക്കോസി (30)നാണ് പരുക്കേറ്റത്. ഇടതു ചെവിക്ക് സാരമായി പരുക്കേറ്റ സനീഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വള്ളക്കടവ് വേഴക്കാട്ട് കുന്നേല്‍ ശശികുമാര്‍ (45), സഹോദരന് ഉദയന്‍ (39) എന്നിവരെ കുമളി എസ്.ഐ പ്രജീഷും സംഘവും അറസ്റ്റു ചെയ്തു.
ശനിയാഴ്ച രാത്രി 12 ഓടെയാണ് അക്രമം നടന്നത്. കോട്ടയത്തുനിന്ന് കുമളിക്ക് വരികയായിരുന്ന ബസില്‍ കുമളിക്ക് സമീപം കൊല്ലം പട്ടടയില്‍ വച്ചാണ് യുവാക്കള്‍ കയറിയത്. മദ്യലഹരിയില്‍ അസഭ്യവര്‍ഷം നടത്തിയ യുവാക്കളെ കണ്ടക്ടര്‍ തടഞ്ഞതാണ് അക്രമത്തില്‍ കലാശിച്ചത്. കുമളി ബസ്സ്റ്റാന്ഡിലെത്തിയതോടെ ഇവര്‍ കണ്ടക്ടറെ മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന ടിക്കറ്റ് മെഷീന് ബലമായി പിടിച്ചുവാങ്ങി കണ്ടക്ടറുടെ ചെവി അടിച്ചുതകര്‍ക്കുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."