മുഖപ്രസംഗ യുദ്ധത്തില്‍ എരിവുപകര്‍ന്ന് വീക്ഷണവും
കോഴിക്കോട്: തോമസ്ചാണ്ടിയുടെ രാജിയെ ചൊല്ലി സി.പി.എം, സി.പി.ഐ പാര്‍ട്ടി പത്രങ്ങള്‍ മുഖപ്രസംഗത്തിലൂടെ കൊമ്പുകോര്‍ത്തതിനു പിന്നാലെ വിവാദംകത്തിക്കാന്‍ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണവും രംഗത്ത്. 'സബാഷ് സി.പി.ഐ' എന്ന തലക്കെട്ടിലാണ് തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ കൈക്കൊണ്ട നിലപാടിനെ വീക്ഷണത്തിലെ മുഖപ്രസംഗം മുക്തകണ്ഠം പ്രശംസിക്കുന്നത്. കവണക്കല്ല്‌കൊണ്ട് കൊച്ചുദാവീദ് ശക്തനായ ഗോലിയാത്തിനെ വീഴ്ത്തിയതുപോലെയാണ് തോമസ് ചാണ്ടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സി.പി.ഐ വിജയം നേടിയതെന്ന് പറഞ്ഞാണ് മുഖപ്രസംഗം തുടങ്ങുന്നത്.
സി.പി.ഐയുടേത് പഴയ കോണ്‍ഗ്രസുകാരുടെ മനസാണെന്ന് സി.പി.എം നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് പിന്തുണയുമായി 'വീക്ഷണം' രംഗത്തെത്തിയത്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് തോമസ് ചാണ്ടിക്കാണെങ്കിലും പിണറായി വിജയന്റെ അപ്രമാദിത്തത്തിന്റെ നട്ടെല്ലാണ് സി.പി.ഐ തകര്‍ത്തതെന്ന് 'വീക്ഷണം' പറയുന്നു. സി.പി.ഐ നീക്കത്തെ തുള്ളാതെയും തുളുമ്പാതെയുമുള്ള കരുനീക്കങ്ങളെന്നാണ് പത്രം വിശേഷിപ്പിക്കുന്നത്. അതീവശ്രദ്ധയോടെയുള്ള ഈ നീക്കമാണ് ചാണ്ടിയുടെ ട്രൗസറും പിണറായിയുടെ കൗപീനവും അഴിച്ചെടുക്കാന്‍ കാനത്തെയും മന്ത്രി ചന്ദ്രശേഖരനെയും പ്രാപ്തനാക്കിയത്. ചാണ്ടിയുടെ രാജിയല്ല, സി.പി.ഐയുടെ ദാര്‍ഢ്യമുള്ള നിലപാടുകളാണ് കഴിഞ്ഞദിവസം കണ്ടത്.
അഴിമതിയിലും മറ്റ് അരുതായ്മകളിലും ചാണ്ടിക്കും പിണറായിക്കും തമ്മില്‍ ഹൃദയൈക്യമുള്ളതിനാലണ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാതിരുന്നത്. അന്യായം പ്രവര്‍ത്തിച്ച് എല്‍.ഡി.എഫിന് മാനക്കേടുണ്ടാക്കിയ ചാണ്ടിയോട് പ്രീതിയും, മന്ത്രിസഭാ യോഗത്തില്‍ ചാണ്ടിയുമായി കസേര പങ്കിടാന്‍ വിസമ്മതിച്ച സി.പി.ഐയോട് അപ്രീതിയും പ്രകടിപ്പിച്ച സി.പി.എം, സി.പി.ഐ എന്തോ ഘോരാപരാധം ചെയ്ത മട്ടിലാണ് പ്രതികരിച്ചതെന്ന് കുറ്റപ്പെടുത്തുന്നു.
മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സി.പി.ഐ മന്ത്രിമാരേക്കാള്‍ നൂറിരട്ടി അപമാനമാണ് ചാണ്ടി എല്‍.ഡി.എഫിന് വരുത്തിവച്ചത്. എന്നിട്ടും ചാണ്ടിക്ക് പൂമാലയും സി.പി ഐക്ക് കല്ലേറും നല്‍കുന്ന സി.പി.എം നിലപാട് കള്ളന് കഞ്ഞിയല്ല; ബിരിയാണി വച്ചുകൊടുക്കുന്നതിന് തുല്യമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."