'ചാണ്ടി വിഷയത്തില്‍ സി.പി.ഐയില്‍ ഭിന്നതയില്ല'- ഇസ്മാഈലിനെ തള്ളി പ്രകാശ് ബാബു
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായില്‍ നടത്തിയ പ്രസ്താവന തള്ളി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്ത്. വിഷയത്തില്‍ സി.പി.ഐയില്‍ ഭിന്നതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ.ഇ ഇസ്മാഈലിന് ജാഗ്രതക്കുറവുണ്ടായെന്ന് പറഞ്ഞ അദ്ദേഹം പരാമര്‍ശം പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും മന്ത്രി സഭായോഗം ബഹിഷ്കരിക്കാനുള്ള തീരുമാനം അറിഞ്ഞില്ല തുടങ്ങിയ ഇസ്മാഈലിന്റെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം.
ഇസ്മാഈലിന് സംഘടനാ രീതികളിലുള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള പ്രതികരണത്തിന് കാരണം. ദേശീയ എക്സിക്കുട്ടീവ് അംഗം പറഞ്ഞത് കൊണ്ട് പാര്‍ട്ടിയുടെ ശോഭ കെടില്ല. പാര്‍ട്ടി തീരുമാനം കൈകൊണ്ട യോഗത്തില്‍ ഇസ്മായില്‍ പങ്കെടുത്തിരുന്നില്ല. അതിനാലാവാം അദ്ദേഹത്തിന് ഇക്കാര്യം അറിയാഞ്ഞതെന്നും പ്രകാശ് ബാബു പറഞ്ഞു.
വെള്ളിയാഴ്ചയാണ് സി.പി.ഐ സംസ്ഥന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി കെ.ഇ. ഇസ്മയില്‍ രംഗത്തെത്തിയത്. മന്ത്രിസഭാ യോഗ ബഹിഷ്കരണത്തെ കുറിച്ച് സി.പി.ഐയിലുള്ളവര്‍ അറിഞ്ഞിരുന്നില്ലെന്നും തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡിന് താന്‍ എം.പിയായിരുന്നപ്പോള്‍ ഫണ്ട് അനുവദിച്ചത് പാര്‍ട്ടി നേതൃത്വം അറിഞ്ഞു തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."