തൊഴില്‍ രംഗത്ത് ദുരിതമനുഭവിച്ച 12 മലയാളികളടക്കമുള്ളവർ നാട്ടിലേക്ക് മടങ്ങി
ജിദ്ദ: തൊഴില്‍ രംഗത്ത് ദുരിതമനുഭവിച്ച ട്രെയിലര്‍ ഡ്രൈവര്‍മാര്‍ നാട്ടിലേക്ക് മടങ്ങി. ഇവരില്‍ 12 പേര്‍ മലയാളികളാണ്. ചേലേമ്പ്ര സ്പിന്നിങ്മില്‍ പുതിയാട്ട് സോമന്റെ മകന്‍ ഗിസോണ്‍ (25), ദേവതിയാല്‍ അമ്പലപ്പടിയിലെ പ്രഭാകരന്റെ മകന്‍ അനൂപ് (29), പുതിയാട്ട് കൃഷ്ണന്‍കുട്ടിയുടെ മകന്‍ എം. അനൂപ് (25), കാക്കഞ്ചേരി വെള്ളുവറാന്‍തൊടി സൈതലവിയുടെ മകന്‍ ഫവാസ് (24), കാക്കഞ്ചേരി വെണ്ണായൂര്‍ ശശിയുടെ മകന്‍ വിമീഷ് (26), കൊണ്ടോട്ടിയിലെ പുതുക്കാടന്‍ പുഷ്പാകരന്റെ മകന്‍ ബിനീഷ് (25), കണ്ണൂര്‍ സ്വദേശികളായ ഷാഫി (40), ഹസീബ് (32), അഷ്‌റഫ് (34), മണ്ണാര്‍ക്കാട് സ്വദേശികളായ ഉനാസ് (28), അബ്ദുള്‍ഖാദര്‍ (34), ഗൂഡല്ലൂര്‍ സ്വദേശി ഇബ്രാഹിം (28) എന്നിവരാണ് വ്യാഴാഴ്ച നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്.
ജിദ്ദയിലെ അല്‍ഖുംറയില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലിക്ക് പോയതാണിവര്‍. സ്‌പോണ്‍സറില്‍ നിന്നും ഇവര്‍ പീഡനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി കൃത്യമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കതെ ഇവര്‍, താമസിച്ചിരുന്നത് പലപ്പോഴും വെള്ളവും വെളിച്ചവും ഇല്ലാത്തിടത്തായിരുന്നു. ശമ്പളം ചോദിച്ചാല്‍ കഫീലിന്റെ വക മര്‍ദനവും.
അല്‍ ഖുംറയിലെ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജോലിക്കു ചേരുമ്പോള്‍ 1500 റിയാലാണ് ശമ്പളം പറഞ്ഞിരുന്നത്. ട്രെയിലറിന്റെ ഡീസല്‍ ചെലവ് ഇവര്‍തന്നെ കണ്ടെത്തണമായിരുന്നു. ഇന്ധനത്തിന് പെട്ടെന്ന് വിലകൂടിയതും മുമ്പേ പറഞ്ഞിരുന്ന ദിനബത്ത നല്‍കാതിരുന്നതും കാരണം സമ്പാദ്യം ഇല്ലാതായി. ശമ്പളം മൂന്നുംനാലും മാസം വൈകിയാണ് നല്‍കിയിരുന്നത്.
ചോദ്യംചെയ്തവരെ കമ്പനി ഉടമ മുറിയിലെത്തി മര്‍ദിക്കുകയും ചെയ്തു. തുര്‍ന്ന് ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ഇവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായം തോടുകയായിരുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ ലേബര്‍ ഓഫീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചത്. പരാതി പരിഗണിച്ച് അധികൃതര്‍ അന്വേഷണ കമീഷനെ നിയമിക്കുകയും ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കമ്പനി ഇവരുടെ വിസ ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്കയക്കാന്‍ തയാറാവുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."