'വരമ്പത്ത് കൂലി' യുമായി രാഷ്ട്രീയ കക്ഷികള്‍: ഭീതി വിതച്ചുകൊണ്ട് കൊലവിളികളും
തിരുവനന്തപുരം: ചോരയ്ക്കു ചോര, ജീവനു ജീവന്‍ രാഷ്ട്രീയം വീണ്ടും സംസ്ഥാനത്ത് ഭീതി വിതയ്ക്കുന്നു. ഒപ്പം അശാന്തിയുടെ നാളെകളിലേക്കു വിരല്‍ചൂണ്ടുന്ന കൊലവിളികളും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്ന് രണ്ടു മാസം തികയുന്നതിനു മുന്‍പു രാഷ്ട്രീയ കൊലപാതകങ്ങള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകനും ബി.ജെ.പി പ്രവര്‍ത്തകനും കൊലചെയ്യപ്പെട്ടതോടെയാണ് പുതിയ കൊലപാതക പരമ്പരയുടെ തുടക്കം. പയ്യന്നൂരിലെ പ്രതിഷേധ പൊതുയോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പാടത്തെ പണിക്ക് വരമ്പത്തു കൂലി കൊടുക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രഖ്യാപനം. ഇതിന്റെ പേരില്‍ കോടിയേരിക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ഉര്‍ന്നിരുന്നു. പിന്നീട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നടത്തിയ സമാന പ്രസ്താവനയും വിവാദമായിരുന്നു.
വിവാദം കെട്ടടങ്ങിയെങ്കിലും കൊല തുടര്‍ന്നു. ഈരാറ്റുപേട്ടയില്‍ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി നസീര്‍ സ്വന്തം പാര്‍ട്ടിക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അധികം വൈകാതെ ഷിബിന്‍ വധക്കേസില്‍ കോടതി വിട്ടയച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ കോഴിക്കോട് ജില്ലയിലെ തൂണേരിയില്‍ സി.പി.എമ്മുകാരെന്ന് പറയപ്പെടുന്നവര്‍ വെട്ടിക്കൊന്നു. തൊട്ടടുത്ത ദിവസം തിരുവനന്തപുരം ജില്ലയിലെ വണ്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ സുരേഷിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു. 2013ല്‍ പൂജപ്പുര തമലത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിനുമോന്‍ കൊലചെയ്യപ്പെട്ട കേസില്‍ പ്രതിയാണ് സുരേഷ്. കൊലയാളികള്‍ ആര്‍.എസ്.എസുകാരാണെന്നാണ് നിഗമനം. ഈ കൊലപാതകങ്ങളിലധികവും മറ്റൊരു കൊലയ്ക്കുള്ള പ്രതികാരമാണ്.
ഇതുകൊണ്ടും രാഷ്ട്രീയ കേരളം ശാന്തമാവില്ലെന്ന സൂചനകളാണ് ഇതിനോടുള്ള പ്രതികരണങ്ങള്‍ നല്‍കുന്നത്. കൊലകള്‍ക്കു ന്യായീകരണങ്ങളും പരസ്യമായ വെല്ലുവിളികളും സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. ഷിബിന്‍ വധക്കേസില്‍ വിട്ടയയ്ക്കപ്പെട്ട മറ്റു പ്രതികള്‍ക്കും ഇതേ ഗതി വരുമെന്ന പ്രഖ്യാപനങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ലക്ഷ്യംവയ്ക്കുന്നവരുടെ ചിത്രങ്ങളും മുന്‍കൂര്‍ ആദരാഞ്ജലികളുമൊക്കെയായി പോസ്റ്റുകള്‍ വരുന്നു. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
തുടര്‍ച്ചയായ രാഷ്ട്രീയ കൊലകള്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കൂടുതല്‍ ഉത്തരവാദിത്ത ബോധമുണ്ടാകേണ്ട ഭരണകക്ഷിയുടെ നേതാക്കളില്‍ നിന്നു തന്നെ അക്രമം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങളുണ്ടാകുന്നത് അക്രമം വ്യാപിക്കാന്‍ കാരണമായിട്ടുണ്ടെന്ന ആരോപണവുമായി വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. കോടിയേരി നിര്‍ദേശിച്ച വഴിക്കു തന്നെ മറ്റു ചില കക്ഷികളും നീങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച പ്രതിച്ഛായയ്ക്ക് ഒട്ടും ഗുണകരമല്ല ഈ സംഭവവികാസങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."