ഒരു ചാക്ക് സിമന്റിന് 8000 രൂപ, സംഭവം; ബി.ജെ.പി ഭരിക്കുന്ന അരുണാചല്‍പ്രദേശില്‍
ഇറ്റാനഗര്‍: കേരളത്തില്‍ 350 രൂപയില്‍ താഴെ വിലക്ക് ഒരു ചാക്ക് സിമന്റ് ലഭിക്കുമ്പോള്‍ ഒരു ചാക്ക് സിമന്റിന് 8000 രൂപ കൊടുക്കേണ്ട ഒരു സ്ഥലമുണ്ട്. മറ്റെവിടെയുമല്ല, ഇന്ത്യയില്‍ തന്നെയാണത്. ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന അരുണാചല്‍പ്രദേശിലെ വിജോയ്‌നഗറില്‍ ഒരു ചാക്ക് സിമന്റിന് 8000 രൂപയാണ് വില.
അരുണാചലിലെ ചാങ്‌ലാങ് ജില്ലയിലെ ഒരു അതിര്‍ത്തി ഗ്രാമമാണ് വിജോയ്‌നഗര്‍. 1500 കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇന്ത്യാ-ചൈന- മ്യാന്‍മാര്‍ അതിര്‍ത്തി പ്രദേശമാണിവിടം. പര്‍വതപ്രദേശമായ ഇവിടെ വികസനം എത്തിനോക്കിയിട്ടില്ല. തൊട്ടടുത്ത നഗരത്തിലെത്തണമെങ്കില്‍ ജനങ്ങള്‍ക്ക് കാല്‍നടയായി അഞ്ചു ദിവസം യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ആഴ്ചയിലൊരിക്കല്‍ സര്‍ക്കാര്‍ വക ഹെലികോപ്ടറുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന കാരണത്താല്‍ മിക്കവാറും സര്‍വിസ് നടത്താറില്ല. അതുകൊണ്ടു തന്നെ സിമന്റ് വീട്ടിലെത്തണമെങ്കില്‍ 156 കിലോമീറ്റര്‍ കാല്‍നടയായി ചുമന്നു വേണം എത്തിക്കാന്‍. 8000 രൂപ മുടക്കേണ്ട സിമന്റിന് കിലോക്ക് 150 രൂപയാണ് വില.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ ജനങ്ങള്‍ വീര്‍പ്പുമുട്ടുന്ന ഇവിടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ശൗചാലയ നിര്‍മാണം നടന്നുവരികയാണ്. എന്നാല്‍ ഇതിനും നിര്‍മാണ സാമഗ്രികളുടെ അഭാവം തടസമാകുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതല്ലാതെ വേറൊരു വികസനവും ഇവിടേക്കെത്തി നോക്കിയിട്ടില്ല. 2014 ജൂലൈയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു അതിര്‍ത്തിയിലെ 100 ഗ്രാമങ്ങല്‍ ഏറ്റെടുത്ത് വികസിപ്പിക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ വിജോയ്‌നഗറും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇന്നും അതിന്റെ ഭാഗമായി ഒന്നും നടന്നിട്ടില്ല.
വിജോയ്‌നഗര്‍ നിവാസികള്‍ക്ക് വികസനം ഇപ്പോഴും ഒരു മരീചികയാണ്. രാജ്യത്തെ അതിര്‍ത്തി ഗ്രാമങ്ങളുടെ പൊതുവായ അവസ്ഥയാണിത്. മറ്റു സ്ഥലങ്ങളില്‍ 20 രൂപക്ക് ഒരു കിലോ ഉപ്പ് ലഭ്യമാകുമ്പോള്‍ ഇന്നും പല അതിര്‍ത്തി പ്രദേശങ്ങളിലും കിലോക്ക് 250 രൂപ കൊടുക്കേണ്ട അവസ്ഥയാണ്. വിജോയ് നഗറിലും 250 രൂപയാണ് ഒരു കിലോ ഉപ്പിന് വില. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ടു തന്നെ ഇത്തരം അതിര്‍ത്തി മേഖലകളില്‍ നിന്നും ജനങ്ങള്‍ നഗരങ്ങളിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇത്തരം പ്രേതനഗരങ്ങളാണ് ചൈനയുടെ രാജ്യാതിര്‍ത്തി കടക്കലിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് മുന്‍ ധനമന്ത്രി കാലിഖോ പുള്‍ 2014 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയിരുന്നു. വിജോയ്‌നഗറിലേക്ക് റോഡ് പണിയുന്നതിന് സര്‍ക്കാര്‍ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് സ്ഥലം എഎം.എല്‍.എ പറയുന്നുണ്ടെങ്കിലും വാഗ്ദാനം മാത്രം കേട്ടുശീലിച്ച ഇവിടുത്തെ ജനങ്ങള്‍ അത് വിശ്വസിക്കാന്‍ തയാറല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."