കൊണ്ടോട്ടിയില്‍ നിരോധിത മയക്കുമരുന്നും, വ്യാജ വിദേശ കറന്‍സിയുമായി യുവാവ് അറസ്റ്റില്‍
കൊണ്ടോട്ടി: ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നും വ്യാജ യു.എ.ഇ ദിര്‍ഹവുമായി എത്തിയ യുവാവിനെ കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തു. നെടിയിരുപ്പ് പൂളക്കല്‍ മുജീബ് റഹ്മാനെ (ബോംബെ നാണി-37) ആണ് കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം പിടികൂടിയത്. മുംബൈയില്‍ നിന്ന് വിമാനത്തില്‍ കരിപ്പൂരിലെത്തി പുറത്തു കടന്നയുടനെയാണ് ഇയാള്‍ അറസ്റ്റിലായത്.
അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മെഥിലിന്‍ ഡയോക്സി ആംഫെറ്റാമൈന്‍ (എം.ഡി.എ) എന്ന മയക്കുമരുന്നാണ് മുജീബുറഹ്മാനില് നിന്ന് കണ്ടെത്തിയത്. 24 ചെറിയ പായ്ക്കറ്റുകളിലായി 16 ഗ്രാം മയക്കുമരുന്നാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം 200 ന്റെ 10 വ്യാജ യു.എ.ഇ ദിര്‍ഹവും കണ്ടെടുത്തിട്ടുണ്ട്. ശരീരത്തിന് അധിക സമയം ഉത്തേജനം ലഭിക്കാനാണ് പിടികൂടിയ ലഹരിമരുന്ന് ഉപയോഗിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. ഡി.ജെ പാര്‍ട്ടികളിലും വന്‍കിട ഹോട്ടലുകളിലെ നിശാപാര്ട്ടികളിലുമാണ് എം.ഡി.എ മയക്കുമരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്. മൂന്ന് മണിക്കൂര്‍ മുതല്‍ 6 മണിക്കൂര്‍ വരെ ശരീരത്തിന് ഉത്തേജനം ലഭിക്കുന്ന മയക്ക് മരുന്നാണിത്. അധിക സമയം സൂക്ഷിക്കാന്‍ കഴിയാത്ത എം.ഡി.എ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ഏത് പ്രവൃത്തിയും വളരെ വേഗം ക്ഷീണമേതുമില്ലാതെ പൂര്‍ത്തിയാക്കാനാവുമെന്ന് പൊലിസ് പറഞ്ഞു.കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം വളാഞ്ചേരി എന്നിവിടങ്ങളിലും ഇയാള്‍ക്ക് ബന്ധമുളളതായി പൊലിസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വ്യാജ കറന്‍സിയുടെ ഉറവിടം തേടിയും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്നാണ് തനിക്ക് മയക്ക് മരുന്ന് ലഭിച്ചതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. ലക്ഷ്വറി കാറുകളുടെ വില്പനയുളള മുജീബ് റഹ്മാന് മയക്ക് മരുന്നിന്റെ ഏജന്റാണെന്ന് പൊലിസ് പറഞ്ഞു. രണ്ട് ഗ്രാം മെഥിലിന്‍ ഡയോക്സി ആംഫെറ്റാമൈന്‍ കൈവശം വച്ചാല്‍ പോലും 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്.
കൊണ്ടോട്ടി സി.ഐക്ക് പുറമേ പ്രത്യേക അന്വേഷണ സംഘത്തിലെ അബ്ദുള്‍ അസീസ്, സത്യനാഥന്, ശശി കുണ്ടറക്കാട്, സജ്ജീവ്, സെയ്ത് മുഹമ്മദ്, എ.എസ്.ഐ സുലൈമാന്‍, മോഹന്‍ദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ മുജീബിനെ പിന്നീട് മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."