പട്ടേല്‍ സംവരണം: ഹാര്‍ദികുമായി സമവായത്തിലെത്തിയെന്ന് കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി പട്ടേല്‍ വിഭാഗത്തിനു സംവരണം നല്കുന്ന കാര്യത്തില്‍ ഹാര്‍ദിക് പട്ടേലിന്റെ പാര്‍ട്ടിയുമായി സമവായത്തിലെത്തിയെന്നു കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിങ് സോളങ്കിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ, സംവരണ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിനു 24 മണിക്കൂര്‍ സമയം നല്കി ഹാര്‍ദികിന്റെ പാര്‍ട്ടി രംഗത്തെത്തിയിരുന്നു.
ഹാര്‍ദികിന്റെ പട്ടിദാര്‍ ആനാമത്ത് ആന്ദോളന് സമിതി നേതാക്കളുമായി അഹമ്മദാബാദില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് കോണ്‍ഗ്രസ് ഇക്കാര്യം വിശദീകരിച്ചത്. ഹാര്‍ദികും ജിഗ്നേഷ് മേവാനിയും അല്‍പേഷ് താക്കൂറുമടക്കമുള്ളവര് നിശ്ചിത സീറ്റുകള്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളിയ കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ താല്പര്യങ്ങള്ക്കനുസരിച്ച് അവര്‍ക്കെല്ലാം പ്രധാനാന്യം നല്‍കുമെന്നും വിശദീകരിച്ചു.
എന്നാല്‍, സംവരണ വിഷയത്തില്‍ തങ്ങളുടെ നിലപാട് ഹാര്‍ദിക് പട്ടേല്‍ ഇന്നു രാജ്ഘട്ടില്വച്ചു പ്രഖ്യാപിക്കുമെന്നു ആന്ദോളന് നേതാവ് ദിനേശ് ബംബാനിയ പറഞ്ഞു.
താന്‍ മത്സരിക്കുന്നില്ലെന്ന് സോളങ്കി
അഹമ്മദാബാദ്: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്നു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് നടപടിയില്‍ താന്‍ അതൃപ്തനാണെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളുകയും ചെയ്തു.
182 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 106 സീറ്റുകളിലേക്കു ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."