രാജീവ് ചന്ദ്രശേഖര്‍ എം.പിയുടെ കൈയേറ്റമൊഴിപ്പിക്കണമെന്ന് കുമരകം പഞ്ചായത്ത്
കോട്ടയം: ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ എം.പിയുടെ കൈയേറ്റമൊഴിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് കുമരകം പഞ്ചായത്ത്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള 'നിരാമയ റിട്രീറ്റ് റിസോര്‍ട്ട് 'പുറമ്പോക്ക് കൈയേറി മതില്‍ കെട്ടിയും കായല്‍ വളച്ചെടുത്തും തോട് കൈയേറി നികത്തിയെന്നുമാണ് പരാതി. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
പഞ്ചായത്ത് റിസോര്‍ട്ടിന്റെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ വാസ്തവം ഉണ്ടെന്നു കണ്ടെത്തിയ ഹൈക്കോടതി, കൈയേറ്റ ഭൂമിയൊഴിപ്പിച്ച് പഞ്ചായത്തിനു കൈമാറാന്‍ ഉത്തരവിട്ടിട്ടും ആവശ്യമായ നടപടിയെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നുവെന്നാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നത്.
ഹൈക്കോടതി ഉത്തരവുണ്ടായി ഒരുവര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. നിരാമയ റിട്രീറ്റ് സെന്റര്‍ നിര്‍മാണത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തല്‍.
കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി രാജ്യസഭാ എം.പിയാണ് രാജീവ് ചന്ദ്രശേഖര്‍. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കോട്ടയം താലൂക്കില്‍ കുമരകം വില്ലേജില്‍പ്പെടുന്ന രണ്ടു സര്‍വേ നമ്പരുകളില്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ കുമരകത്തുനിന്നു വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം പൂര്‍ണമായും തീരംകെട്ടി കൈയേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കിയിരിക്കുകയാണ്.
കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍നിന്നു കായല്‍ വരെ നീളുന്ന പുരയിടത്തില്‍ പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മിക്കുന്നതിനായാണ് കായല്‍ കൈയേറിയിരിക്കുന്നത്. നേരേ മടത്തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോട് ചേര്‍ന്നാണ് എം.പി ചെയര്‍മാനായ കമ്പനിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. ഇവിടെ ഏകദേശം നാല് ഏക്കറോളം ഭൂമി കൈയേറിയിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു.
ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് കോട്ടയം താലൂക്ക് സര്‍വെയര്‍ അളന്നുനല്‍കിയ റിപ്പോര്‍ട്ടില്‍ കൈയേറ്റം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മാണച്ചട്ടങ്ങളും കമ്പനി ലംഘിച്ചതായി പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."