സംവരണം ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയല്ല: മുസ്്‌ലിം ലീഗ്
ന്യൂഡല്‍ഹി: സംവരണം സംബന്ധിച്ച കേരളത്തിന്റെ നിലപാടുമാറ്റം വലിയ ചതിയാണെന്ന് മുസ്്‌ലിം ലീഗ്.
സംവരണമെന്നത് ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയല്ല. രാജ്യത്തെ പ്രത്യേക സാമൂഹിക- ചരിത്ര കാരണങ്ങളാല്‍ വലിയൊരുവിഭാഗം സമൂഹത്തിന്റെ മുഖ്യധാരക്കും അധികാര രംഗത്തിനും പുറത്താണ്.
ഇക്കാരണത്താലാണ് മാറ്റിനിര്‍ത്തപ്പെട്ട വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സംവരണം നല്‍കുന്നത്. ഇത് ഭരണഘടന അംഗീകരിച്ചതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് ബോധ്യമായാല്‍ അത് ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഭരണഘടന സര്‍ക്കാരിന് അനുമതി നല്‍കുന്നുണ്ട്.
സാമ്പത്തിക സംവരണം എന്ന സിദ്ധാന്തം തെറ്റാണ്. പിന്നാക്കാവസ്ഥക്കു കാരണം ചരിത്രപരമായ കാരണമാണ്. സംവരണ വ്യവസ്ഥയുടെ അടിസ്ഥാന തത്വത്തില്‍ നിന്നുള്ള വ്യതിയാനമാണ് ഇടതുപക്ഷസര്‍ക്കാര്‍ നടപ്പാക്കുന്നത്. മുന്നാക്കക്കാരിലെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കണം.
എന്നാല്‍ അത് സംവരണം ഏര്‍പ്പെടുത്തിയല്ല ചെയ്യേണ്ടത്. മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കിയാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വിസിലുള്ള പിന്നാക്ക പ്രാതിനിധ്യത്തിന്റെ സമവാക്യം തെറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ്, വഖ്ഫ് ബോര്‍ഡുകളിലെ നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇരട്ട നയമാണ് നടപ്പാക്കുന്നത്. നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് ദേവസ്വം ബോര്‍ഡിന്റെ നിയമനകാര്യത്തില്‍ പ്രഖ്യാപനത്തില്‍നിന്ന് പിന്‍മാറി.
ദേവസ്വം ബോര്‍ഡ് ചട്ടപ്രകാരം ഹിന്ദുസമുദായത്തിലുള്ളവര്‍ക്ക് മാത്രമെ നിയമനം ലഭിക്കൂ. എന്നാല്‍ വഖ്ഫ് ബോര്‍ഡ് നിയമനം സര്‍ക്കാര്‍ പി.എസ്.സിക്കു വിട്ടു. ഇത് തിരുത്തേണ്ട നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."