കരിപ്പൂരില്‍ റണ്‍വേ റിസ നവീകരണം അനുമതിയായി; നിര്‍മാണം ജനുവരിയില്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് ആരംഭിക്കുന്നതിനായി ഒരുക്കുന്ന റിസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ)നിര്‍മാണത്തിന് ഡി.ജി.സി.എയുടെ അനുമതി ലഭിച്ചു. ഡി.ജി.സി.എ ദില്ലി കേന്ദ്ര കാര്യാലയത്തിന്‍നിന്നുള്ള അനുമതി പത്രം വെള്ളിയാഴ്ച കരിപ്പൂരില്‍ ലഭിക്കും. റിസ നിര്‍മാണ പ്രവൃത്തികളുടെ രൂപരേഖ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്(ഡി.ജി.സി.എ)സമര്‍പ്പിച്ചിട്ട് രണ്ടുമാസത്തിനു ശേഷമാണ് അനുമതി പത്രം ലഭിക്കുന്നത്. ഡി.ജി.സി.എയുടെ അനുമതി കിട്ടിയതായി വിമാനത്താവള അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
റണ്‍വേയിലെ ലൈറ്റിങ് ക്രമീകരണങ്ങള്‍ മാറ്റി റിസ ഏരിയ വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് അതോറിറ്റി തയാറാക്കിയത്. ലാന്‍ഡിങ്ങ് സമയത്ത് വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാല്‍ അപകടമൊഴിവാക്കുന്നതിനുള്ള ചതുപ്പുപോലുള്ള പ്രദേശമാണ് റിസ. ജനുവരിയോടെ നിര്‍മാണം ആരംഭിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. വെള്ളിയാഴ്ച എത്തുന്ന അനുമതി പത്രത്തിന് ശേഷം നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിനായുള്ള രൂപരേഖ വിമാനത്താവള അതോറിറ്റി വീണ്ടും സമര്‍പ്പിക്കും. നിര്‍മാണം ഏറ്റെടുക്കുന്ന കമ്പനിയുടെ വിവരങ്ങള്‍ അടക്കം ഉള്‍ക്കൊള്ളിച്ച കത്ത് എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിനും ഡി.ജി.സി.എക്കും വീണ്ടും കൈമാറും. ഈ അനുമതി ഡിസംബറോടെ പൂര്‍ത്തീകരിച്ചാണ് ജനുവരി ആദ്യത്തില്‍ പ്രവൃത്തികള്‍ തുടങ്ങുക.
നിലവിലുള്ള 90 മീറ്റര്‍ നീളമുള്ള റിസ 240 മീറ്ററാക്കാനാണ് തീരുമാനം. റിസയുടെ പുനര്‍നിര്‍മാണം കഴിയുന്നതോടെ നിലവിലുള്ള റണ്‍വേയുടെ ദൈര്‍ഘ്യം 2700 മീറ്ററാവും. ബോയിങ് 777-200 വിമാനങ്ങള്‍ സര്‍വിസ് ആരംഭിക്കുന്നതിനായാണ് കരിപ്പൂരില്‍ റിസ നീളം കൂട്ടുന്നത്.
റണ്‍വേയുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് 2015 മുതല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വിസ് നിര്‍ത്തിവച്ചത്. 2850 മീറ്ററുള്ള റണ്‍വേ ദൈര്‍ഘ്യമുള്ള എയര്‍പോര്‍ട്ട്, കോഡ് - ഡി വിമാനങ്ങളുടെ പ്രവര്‍ത്തനത്തിനായി രൂപകല്‍പ്പന ചെയ്തതാണെന്നും മതിയായ റിസ ഇല്ലെന്നും ഡി.ജി.സി.എ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് റിസ നീളം കൂട്ടാന്‍ അതോറിറ്റി പദ്ധതി തയാറാക്കി സമര്‍പ്പിച്ചത്. നിലവില്‍ റണ്‍വേയുടെ അറ്റം കാണുന്നതിന് സ്ഥാപിച്ച ലൈറ്റിങ് സംവിധാനം മുന്നിലേക്ക് സ്ഥാപിച്ച് 90 മീറ്ററിലുള്ള റിസ റണ്‍വേ ഉള്‍പ്പെടുത്തി 240 ആക്കി വര്‍ധിപ്പിക്കുകയാണ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."