ഡെങ്കിപ്പനി ചികിത്സക്ക് ഈടാക്കിയത് 18 ലക്ഷം രൂപ; അന്വേഷണത്തിന് ഉത്തരവിട്ടു
ഗുഡ്ഗാവ്: ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴ് വയസുകാരിയുടെ പതിനഞ്ച് ദിവസത്തെ ചികിത്സക്ക് സ്വകാര്യ ആശുപത്രി ഈടാക്കിയത് 18 ലക്ഷം രൂപ. ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രിയാണ് ചികിത്സാ ചെലവായി 18 ലക്ഷം രൂപയുടെ ബില്‍ മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയത്. ഡല്‍ഹിയിലെ ദ്വാരക സ്വദേശിയായ ജയന്ത് സിങ്ങിന്റെ മകള്‍ ആദ്യ സിങ്ങാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ആശുപത്രി നല്‍കിയ ഗ്ലൗസിനും സിറിഞ്ചിനും വസ്ത്രത്തിനുമുള്‍പ്പെടെ ഭീമമായ തുകയാണ് ആശുപത്രി ഈടാക്കിയത്. സംഭവം വിവാദമായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ സെപ്റ്റംബറിലാണ് കുട്ടി ചികിത്സക്കിടയില്‍ മരിച്ചത്.
ആശുപത്രിയില്‍ നിന്ന് ലഭിച്ച ബില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഇതേതുടര്‍ന്നാണ് മന്ത്രി നദ്ദ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഓഗസ്റ്റ് 28 ന് കടുത്ത പനിയെത്തുടര്‍ന്ന് കുട്ടിയെ ദ്വാരകയിലെ റോക്കലാന്‍ഡ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിക്കുള്ള ചികിത്സയായിരുന്നു നല്‍കിയത്. പനി കടുത്തതോടെ കുട്ടിയെ ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റി. ഓഗസ്റ്റ് 31 ന് ആദ്യയെ ഫോര്‍ട്ടിസില്‍ പ്രവേശിപ്പിച്ചു. പതിനഞ്ച് ദിവസമാണ് ഇവിടെ കുട്ടിക്ക് ചികിത്സ നല്‍കിയത്.
ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിച്ച ശേഷവും ആദ്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ലെന്ന് പിതാവ് ജയന്ത് പറഞ്ഞു. കുട്ടിയുടെ ശരീരത്തിലൂടെ മരുന്ന് കടത്തിവിട്ടുകൊണ്ടിരുന്നു. എം.ആര്‍.ഐ, സി.ടി സ്‌കാനുകള്‍ ഉള്‍പ്പെടെയെടുക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും കുട്ടി വെന്റിലേറ്ററിലാണെന്നും ഡയാലിസിസിന് വിധേയയാക്കിയിരിക്കുകയാണെന്നുമായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം. ഒടുവില്‍ സെപ്റ്റംബര്‍ 14 ന് ആദ്യയെ എം.ആര്‍.ഐ സ്‌കാനിങ്ങിന് വിധേയയാക്കി. അപ്പോഴേക്കും കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം 80 ശതമാനവും നിലച്ചിരുന്നു. പ്ലാസ്മ മാറ്റിവയ്ക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചു. അതിന് മാത്രം 16 ലക്ഷം രൂപ ചെലവുവരും. പണം ഒരു പ്രശ്‌നമായിരുന്നില്ലെന്നും മകള്‍ക്ക് മികച്ച ചികിത്സ ലഭിക്കണമെന്നുമാണ് ആഗ്രഹിച്ചിരുന്നതെന്നും പിതാവ് പറഞ്ഞു.
ഡോക്യുമെന്റേഷന്‍ ഫീസായി 250 രൂപയാണ് ആശുപത്രി ഈടാക്കിയത്. ഡയറ്റീഷനെ കണ്ടതിന് 3000 രൂപയും നേത്രപരിശോധനക്ക് 13,200 രൂപയും ഈടാക്കി. രണ്ട് വ്യത്യസ്ത മരുന്നുകളാണ് ആദ്യയുടെ ശരീരത്തിലൂടെ കടത്തിവിട്ടത്. അതില്‍ ഒരു മരുന്നിന് 3000 രൂപയും മറ്റൊന്നിന് 500 രൂപയുമായിരുന്നു ചെലവ്. ഒരു ഷുഗര്‍ സ്ട്രിപ്പിന് 200 രൂപവച്ച് 13 എണ്ണം ഉപയോഗിച്ചു. 2,700 ഗ്ലൗസുകളും 660 സിറിഞ്ചുകളും ആവശ്യമായി വന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വസ്ത്രത്തിന് 900 രൂപയും ഈടാക്കി. 20 പേജ് വരുന്ന ബില്ലാണ് ആശുപത്രിയില്‍ നിന്ന് കുട്ടിയുടെ പിതാവിന് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."