കൊടി സുനി ഉള്‍പ്പെട്ട സ്വര്‍ണക്കവര്‍ച്ചാ കേസ്: രാഷ്ട്രീയ സമ്മര്‍ദം പൊലിസ് അന്വേഷണത്തെ തളര്‍ത്തി
കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കൊടി സുനി ജയിലില്‍വച്ച് ഫോണ്‍വഴി നടപ്പാക്കിയ സ്വര്‍ണക്കവര്‍ച്ചയുടെ കേസന്വേഷണത്തില്‍ പൊലിസ് ഒത്തുകളിച്ചെന്ന് സൂചന. കേസില്‍ പൊലിസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ)യുമാണ് വെവ്വേറെ അന്വേഷണം നടത്തുന്നത്.
2016 ജൂലൈ 16നാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശി കാക്ക രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം ദേശീയ പാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിനു സമീപം കാര്‍യാത്രക്കാരനെ ആക്രമിച്ച് 85 ലക്ഷം രൂപയോളം വില വരുന്ന മൂന്നു കിലോ കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ച നടത്താനും സ്വര്‍ണം മറിച്ചു വില്‍ക്കാനും സുനി ജയിലില്‍നിന്ന് മൊബൈല്‍ വഴി ആസൂത്രണം നടത്തിയെന്നാണ് പൊലിസ് കണ്ടെത്തിയത്. കേസിന്റെ തുടരന്വേഷണം ഡി.ആര്‍.ഐക്ക് പൊലിസ് നല്‍കാതിരുന്നത് കേസിലെ രാഷ്ട്രീയ ബന്ധമാണെന്നാണ് ഡി.ആര്‍.ഐയുടെ സംശയം.
കവര്‍ച്ചയ്ക്കു ശേഷം കാക്ക രഞ്ജിത്തിന്റെ ഫോണില്‍നിന്ന് കണ്ണൂരിലെ ഒരു രാഷ്ട്രീയ നേതാവിനു വിളി പോയതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് കേസ് മന്ദഗതിയിലായത്. സാധാരണ ആദ്യം ലോക്കല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്യുന്ന ഇത്തരം കേസ് പിന്നീട് ബന്ധപ്പെട്ട ഏജന്‍സിക്ക് കൈമാറുകയാണ് ചെയ്യുക.
എന്നാല്‍, ഇവിടെ നല്ലളം സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ് ചെയ്തത്. തുടര്‍ന്ന് ഡി.ആര്‍.ഐ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എഫ്.ഐ.ആറില്‍ പറയുന്നതിനേക്കാള്‍ സ്വര്‍ണം കാറിലുണ്ടായിരുന്നോയെന്നാണ് ഡി.ആര്‍.ഐയുടെ സംശയം. ചൊക്ലി സ്വദേശിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. കാറിലുണ്ടായിരുന്ന പെട്ടിയും അഞ്ചുലക്ഷം രൂപയും കവര്‍ന്നുവെന്നായിരുന്നു ഇയാളുടെ മൊഴി. പിന്നീടാണ് പെട്ടിയില്‍ സ്വര്‍ണമായിരുന്നുവെന്ന് കണ്ടെത്തിയത്. കേസില്‍ കാക്ക രഞ്ജിത്ത് ഉള്‍പ്പെടെ ആറു പേരാണ് ഇതിനകം അറസ്റ്റിലായത്. കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയും കൊടിസുനിയുമാണ് കവര്‍ച്ച പദ്ധതിയിട്ടത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കൊടിസുനിയുടെ മൊഴി രേഖപ്പെടുത്താന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (5) പൊലിസിനു അനുമതി നല്‍കിയിട്ടുണ്ട്.
അതിനിടെ പൊലിസിലെ ചിലര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന സൂചന ഡി.ആര്‍.ഐക്ക് ലഭിച്ചിട്ടുണ്ട്. പൊലിസ് കസ്റ്റഡിയിലെടുത്ത കാര്‍ നല്ലളം സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്നു. കാര്‍ ഫോറന്‍സിക് വിദഗ്ധരും ബോംബ്‌സ്‌ക്വാഡും വിശദമായി പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലിസ് ഡി.ആര്‍.ഐയെ അറിയിച്ചത്. കാര്‍ പരിശോധിക്കണമെന്ന് ഡി.ആര്‍.ഐ ആവശ്യപ്പെടുകയും സമയം അറിയിക്കുകയും ചെയ്തു.
എന്നാല്‍, ഡി.ആര്‍.ഐ സംഘം എത്തുന്നതിന് അരമണിക്കൂര്‍ മുന്‍പ് പൊലിസ് കാര്‍ വിട്ടുനല്‍കി. ഈ നീക്കത്തില്‍ സംശയം തോന്നിയ സംഘം ഫറോക്കിലെ വര്‍ക്ക് ഷോപ്പില്‍വച്ച് കാര്‍ പരിശോധിച്ചു. ഇതിലാണ് കാറിന്റെ അടിത്തട്ടിനടിയിലായി രഹസ്യ അറ കണ്ടെത്തിയത്. കേസിലെ രാഷ്ട്രീയ സമ്മര്‍ദമാണ് പൊലിസിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് ഡി.ആര്‍.ഐയുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."