ന്യൂനപക്ഷങ്ങള്‍ക്ക് ഗുജറാത്തില്‍ അങ്കലാപ്പ്
ഗുജറാത്തിലെ തെരഞ്ഞെടുപ്പുകള്‍ക്കു വര്‍ഗീയനിറം പണ്ടേയുള്ളതാണ്. ഇത്തവണ തുടക്കത്തില്‍ വികസനത്തിന്റെ പേരുപറഞ്ഞു വോട്ടുപിടിക്കാനുള്ള ബി.ജെ.പി ശ്രമം കണ്ടതാണ്. എന്നാല്‍, സംവരണപ്രക്ഷോഭത്തിലുണ്ടായിരുന്ന ജാതിവിഭാഗങ്ങളെ ഒപ്പംകൂട്ടി ഫീനിക്‌സ്പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ബി.ജെ.പിയുടെ അടിത്തറ പൊളിക്കുമെന്ന സ്ഥിതി സംജാതമാക്കി.
ഇതോടെ ഉത്തര്‍പ്രദേശിലേതിനു തുല്യമായി വര്‍ഗീയകാര്‍ഡ് ഇറക്കിക്കളിക്കാന്‍ ബി.ജെ.പി തുനിഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം പുറത്തിറക്കിയ മുസ്‌ലിംവിരുദ്ധ വിഡിയോയില്‍നിന്ന് അനുമാനിക്കേണ്ടത് അതാണ്. സാമൂഹ്യമാധ്യമങ്ങളിലും വര്‍ഗീയനിറമുള്ള സന്ദേശങ്ങള്‍ ധാരാളമായി പങ്കുവയ്ക്കപ്പെടുന്നതുവരെ എത്തിയിരിക്കുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പു വിശേഷം.
പട്ടീദാര്‍, ദലിത്, പിന്നാക്കം
ഗുജറാത്തിലെ തെരഞ്ഞെടുപ്പുഫലം നിര്‍ണയിക്കാന്‍ ത്രാണിയുള്ള കൂട്ടരായി ഇപ്പോള്‍ കരുതുന്ന വിഭാഗങ്ങളാണു മേല്‍പ്പറഞ്ഞവ. ഹര്‍ദിക് പട്ടേല്‍ നായകനായ പട്ടീദാര്‍വിഭാഗത്തെയും ജിഗ്നേഷ് മേവാനി നായകനായ ദലിത്‌വിഭാഗത്തെയുമാണു കോണ്‍ഗ്രസ് അവസാന ലാപ്പില്‍ കൂടെക്കൂട്ടിയിരിക്കുന്നത്. പിന്നാക്കവിഭാഗനേതാവായ അല്‍പ്പേശ് താക്കൂര്‍ നേരത്തേതന്നെ കോണ്‍ഗ്രസ്സിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു.
ഗുജറാത്തിലെ ജനസംഖ്യയില്‍ 40 ശതമാനം പിന്നാക്കവിഭാഗക്കാരാണ്. അതില്‍ താക്കൂര്‍ വിഭാഗം 20-22 ശതമാനം വരും. താക്കൂര്‍, ദലിത്, പട്ടേല്‍ വിഭാഗത്തെ ഒപ്പംനിര്‍ത്തിയാല്‍ 40 ശതമാനം വോട്ട് ഉറപ്പിക്കാമെന്ന കണക്കുകൂട്ടലോടെയാണു കോണ്‍ഗ്രസ് കരുനീക്കം നടത്തിയത്. എന്നാല്‍, പാര്‍ട്ടി അറിഞ്ഞോ അറിയാതെയോ മറന്നുപോകുന്ന ഒരു വസ്തുതയുണ്ട്. കോണ്‍ഗ്രസിനു ഗുജറാത്തില്‍ എഴുന്നേറ്റു നില്‍ക്കാന്‍ ത്രാണി നല്‍കിയ മുസ്‌ലിം ജനവിഭാഗം.
മുസ്‌ലിം പ്രാതിനിധ്യം 9.6 ശതമാനം
സംസ്ഥാനത്ത് മുസ്‌ലിം ജനവിഭാഗം 9.6 ശതമാനം മാത്രമാണ്. 88.57 ശതമാനമാണു ഹിന്ദുക്കള്‍. കാലാകാലങ്ങളില്‍ ഹിന്ദുവോട്ടുകളെ ആശ്രയിച്ചാണു ബി.ജെ.പിക്കു ജയം ലഭിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് പക്ഷത്തേയ്‌ക്കോ ബി.ജെ.പി വിരുദ്ധപക്ഷത്തേയ്‌ക്കോ മുസ്‌ലിം ജനവിഭാഗം എത്തിപ്പെടാന്‍ നിരവധി കാരണങ്ങള്‍ ആ സംസ്ഥാനത്തുണ്ട്. എന്നാല്‍ പുതിയ പരിതഃസ്ഥിതിയില്‍ ഈ ജനവിഭാഗത്തെ ഒപ്പം നിര്‍ത്തി വര്‍ഗ സമവാക്യം രചിക്കണമെന്ന ചിന്ത കോണ്‍ഗ്രസ് മറന്നോയെന്നു മുസ്‌ലിം ജനത ആശങ്കപ്പെടുന്ന അവസ്ഥയാണുള്ളത്. വര്‍ഗവിഭാഗങ്ങളെ കൂടെക്കൂട്ടാന്‍ കാട്ടുന്ന ജാഗ്രത, തങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ പാര്‍ട്ടി കാട്ടുന്നില്ലെന്ന സങ്കടവും ഇവര്‍ക്കുണ്ട്.
ഇതുകൂടാതെ മൃദു ഹിന്ദുസമീപനമെന്നു കോണ്‍ഗ്രസ് വിളിക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു രാഹുല്‍ഗാന്ധി ക്ഷേത്രങ്ങള്‍ കയറിയിറങ്ങുന്നതിലും മുസ്‌ലിംവിഭാഗം അസന്തുഷ്ടരാണ്. 22 വര്‍ഷം സംസ്ഥാനം ഭരിച്ച ബി.ജെ.പിക്കു ബദലായി ന്യൂനപക്ഷം ഉറ്റുനോക്കുന്നതു കോണ്‍ഗ്രസിനെ മാത്രമായിരുന്നു. എന്നാല്‍, മുസ്‌ലിംവിഭാഗത്തെ വേണ്ടവിധം പരിഗണിക്കാതെ മറ്റു വര്‍ഗവോട്ടുകള്‍ തേടിപ്പോകുന്ന കോണ്‍ഗ്രസിന്റെ നടപടിയില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നാണു റിപ്പോര്‍ട്ടുകള്‍.
ഈ ആശങ്ക തിരിച്ചടിയായേക്കാമെന്നു രാഷ്ട്രീയചിന്തകര്‍ക്കും സംശയമുണ്ട്. ശങ്കര്‍സിങ് വഗേലയെപ്പോലെ ഇരുപാര്‍ട്ടികള്‍ക്കുമെതിരേ ഉയര്‍ന്നുവരുന്ന രാഷ്ട്രീയശക്തിയെ കണ്ടില്ലെന്നു കരുതാനാവില്ല. ഒരുപക്ഷേ, ന്യൂനപക്ഷങ്ങളുടെ ഭയാശങ്ക ഇവര്‍ക്കു വോട്ടായിക്കൂടെന്നില്ല. കോണ്‍ഗ്രസിനു ന്യൂനപക്ഷ വോട്ടു ലഭിക്കുന്നത് അവരുടെ മുന്നില്‍ മറ്റൊരു പാര്‍ട്ടിയില്ലാത്തതുകൊണ്ടാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബി.ജെ.പിയോടുള്ള എതിര്‍പ്പു കോണ്‍ഗ്രസിനു വോട്ടാകുന്നു. കോണ്‍ഗ്രസിനു പകരം ആ സ്ഥാനത്തേയ്ക്കു വഗേലയ്‌ക്കോ മറ്റോ കയറാനായാല്‍ ഇത്തവണ മുസ്‌ലിം വോട്ടുകള്‍ കീശയിലാക്കുക അവരുടെ പാര്‍ട്ടിയായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടതു സുരക്ഷയും വികസനവും മാത്രമാണ്. അതു വാഗ്ദാനം ചെയ്യുന്നവര്‍ക്കു വോട്ടു നല്‍കാന്‍ അവര്‍ തയാറുമാണ്.
കോണ്‍ഗ്രസും ശിവസേനയും
മുസ്‌ലിംകള്‍ക്കു പരാതികളുണ്ടെങ്കിലും അതൊന്നും ഗൗനിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു സമയമില്ല. ഹിന്ദുകാര്‍ഡ് ഇറക്കി കളിക്കുന്ന ബി.ജെ.പിയെ അതേ കാര്‍ഡില്‍ നേരിടാനുള്ള ശ്രമത്തിലാണവര്‍. മഹാസഖ്യം രൂപീകരിച്ച കോണ്‍ഗ്രസിലേയ്ക്കു ശരത്‌യാദവ് വിഭാഗം ജെ.ഡി.യുവും എത്തിയിരിക്കുന്നു.
മഹാസഖ്യമാവുമ്പോള്‍ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നതു സ്വാഭാവികം. ഹര്‍ദിക് പട്ടേല്‍ ഏഴു സീറ്റു വേണമെന്നും നാലേ നല്‍കാന്‍ കഴിയൂവെന്നു കോണ്‍ഗ്രസും വാശിപിടിക്കുന്നു. ഇത് അസ്വാരസ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാലും, തോല്‍പ്പിക്കേണ്ടതു ബി.ജെ.പിയെയാണെന്ന വസ്തുത മനസ്സിലാക്കുമ്പോള്‍ സീറ്റു ചര്‍ച്ചകള്‍ പ്രതിസന്ധികളില്ലാതെ കടന്നുപോകും.
ദേശീയതലത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന 25 സീറ്റുകളില്‍ തനിച്ചു മത്സരിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. 2012 തെരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പില്‍നിന്നു ശിവസേന വിട്ടുനിന്നിരുന്നു. ഇത്തവണ ബി.ജെ.പിയുമായുള്ള തുറന്നപോരിനൊടുവില്‍ സ്വന്തംസ്ഥാനാര്‍ഥികളെ നിര്‍ത്തുകയും മറ്റു മണ്ഡലങ്ങളില്‍ ഹര്‍ദിക് പട്ടേലിന്റെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുകയും ചെയ്യാനുള്ള ശിവസേന തീരുമാനവും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."