ഭൂജല പഠനത്തിന് ബ്ലോക്ക്‌തോറും സംവിധാനം
കോഴിക്കോട്: സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പിലെ വ്യതിയാനം സംബന്ധിച്ച ശാസ്ത്രീയ പഠനത്തിന് ബ്ലോക്ക് പഞ്ചായത്തുകള്‍ തോറും സംവിധാനം വരുന്നു.
കേന്ദ്ര ഭൂജല ബോര്‍ഡിന്റെ പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്ത് 150 ടെലിമെട്രി യൂനിറ്റുകള്‍ സ്ഥാപിക്കാനും അനുമതി ലഭിച്ചു. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ശാസ്ത്രീയ സംവിധാനമാകും ഇനി സംസ്ഥാനത്തും ഭൂജലത്തിന്റെ അളവ്, ഗുണമേന്മ തുടങ്ങിയവ പഠിക്കാന്‍ ഉപയോഗിക്കുക. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7.68 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര ഭൂജല ബോര്‍ഡ് നടപ്പാക്കുന്നത്.
നേരത്തെ കേരളത്തിലെ ഭൂജലം 90.8 ശതമാനവും കുടിക്കാന്‍ യോഗ്യമല്ലെന്ന് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
98 സാംപിളുകള്‍ പരിശോധിച്ചതില്‍ ഭൂരിഭാഗവും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നായിരുന്നു കണ്ടെത്തല്‍. കഴിഞ്ഞ ജൂലൈ 20നും 21നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം ചെന്നൈയില്‍ നടന്നിരുന്നു.
ഇതില്‍ കേരളത്തില്‍ ടെലിമെട്രി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 150 ഡി.ഡബ്ല്യു.എല്‍.ആര്‍ (ഡിജിറ്റല്‍ വാട്ടര്‍ ലെവല്‍ റെക്കോര്‍ഡര്‍) സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിരുന്നു. 1.2 ലക്ഷം രൂപയാണ് ഒരെണ്ണത്തിന് ചെലവ്.
നിലവില്‍ സംസ്ഥാനത്ത് ഭൂഗര്‍ഭജല നിരപ്പ് അറിയാന്‍ പെസോമീറ്ററുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പുറമെയാണ് റിമോര്‍ട്ട് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടെലിമെട്രി സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ 152 ബ്ലോക്കുകളില്‍ ഇവ സ്ഥാപിക്കും. ഇതിനായി ഗ്രാമപഞ്ചായത്തുകളുടെ ഭൂമിയില്‍ സ്ലിം ഹോളുകള്‍ സ്ഥാപിക്കുന്നതിന് ഭൂജലവകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
സെന്‍സറും വയര്‍ലെസ് ട്രാന്‍സ്മിറ്ററും ഉപയോഗിച്ച് ഡബ്ല്യൂ.എല്‍.ആര്‍ ഭൂഗര്‍ഭജല വ്യതിയാനവും ഗുണമേന്മാ വിവരവും സെര്‍വറുകളിലെത്തിക്കുന്നതോടെ ഓണ്‍ലൈനായി ഇവ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."