കരുതലോടെ ഇന്ത്യ; രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക 205ന് പുറത്ത്
നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കരുതലോടെ നീങ്ങുന്നു. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 205ല്‍ അവസാനിപ്പിച്ച് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍. ഒന്‍പത് വിക്കറ്റുകള്‍ ശേഷിക്കേ ലങ്കന്‍ സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 194 റണ്‍സ് കൂടി വേണം.
28 പന്തില്‍ രണ്ട് റണ്‍സുമായി മുരളി വിജയിയും ഏഴ് പന്തില്‍ രണ്ട് റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. ഏഴ് റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രാഹുലിനെ ഗമഗെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചാന്ഡിമലിന്റെ തീരുമാനം പാളിപ്പോയി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ആഞ്ഞടിച്ചതോടെ ലങ്കന്‍ ബാറ്റിങിന് താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. നാല് വിക്കറ്റ് വീഴ്ത്തി ആര് അശ്വിനും മൂന്ന് വിക്കറ്റുകള്‍ പിഴുത് ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരും പത്ത് ലങ്കന്‍ വിക്കറ്റുകള്‍ പങ്കിടുകയായിരുന്നു. 57 റണ്‍സെടുത്ത ചാന്‍ഡിമലാണ് ലങ്കന്‍ ടോപ് സ്കോറര്‍.
ഓപണര്‍ കരുണരത്നെയും 51 റണ്‍സെടുത്ത് അര്‍ധ ശതകം പിന്നിട്ടു. മറ്റൊരാള്‍ക്കും കാര്യമായി പിടിച്ചു നിന്ന് ഇന്നിങ്സിനെ മുന്നോട്ട് നയിക്കാന്‍ സാധിച്ചില്ല. മധ്യനിരയില്‍ ഡിക്ക്വെല്ല 24 റണ്‍സെടുത്ത് പിടിച്ചുനിന്നെങ്കിലും വലിയ സ്കോറിലെത്തിക്കാന്‍ സാധിക്കാതെ മടങ്ങിയതോടെ അവരുടെ ചെറുത്ത് നില്‍പ്പ് അവസാനിക്കുകയായിരുന്നു. ധവാന് പകരം മുരളി വിജയിയും ഭുവനേശ്വര്‍ കുമാറിന് പകരം രോഹിത് ശര്‍മയും ടീമില്‍ ഇടം പിടിച്ചു. ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."