ഭവന ഫണ്ടുകള്‍ ലൈഫ് മിഷന്‍ പദ്ധതിക്ക് ഉപയോഗിക്കാം
കൊണ്ടോട്ടി:കേന്ദ്ര-സംസ്ഥാന ഭവന പദ്ധതികള്‍ വഴി മുന്‍വര്‍ഷങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനാവാതെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പണം ലൈഫ് മിഷന്‍ പദ്ധതിയിലെ പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടുകളുടെ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഗുണഭോക്താക്കള്‍ സമയത്തിന് ഫണ്ട് വാങ്ങാതെയും, പദ്ധതികളുടെ വീഴ്ചമൂലം പ്രയോജനപ്പെടുത്താന്‍ കഴിയാതെയും വന്നതോടെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പണവും,അവയുടെ പലിശയും പൂര്‍ണമായും എടുത്ത് ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, ന്യൂനപക്ഷ വകുപ്പ്, ലേബര്‍ വകുപ്പ് തുടങ്ങിയിലെ ഏതു ഭവന പദ്ധതിയിലേക്കും ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന തുക ഉപയോഗപ്പെടുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ എസ്.സി.എസ്.ടി ഫണ്ടിന്റെ ഭാഗമായി ലഭിച്ച തുക പട്ടികജാതി, പട്ടിക വര്‍ഗ ഗുണഭോക്താക്കാളുടെ വീട് നിര്‍മാണത്തിന് മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളില്‍ ലഭ്യമായിട്ടുളള തുകയും ലൈഫ് മിഷന് ഉപയോഗിക്കാം.വിനിയോഗിക്കുന്ന തുകയുടെ വിശദാംശങ്ങള്‍ പ്രൊജക്ടിനൊപ്പം ഉള്‍പ്പെടുത്തുകയും ലൈഫ് മിഷന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുകയും വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പണം വിനിയോഗിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ മുന്‍കൂര്‍ അംഗീകാരം ആവശ്യമില്ല. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി ആസൂത്രണ സമിതിയുടെ സാധൂകരണത്തിനായി തുക വിനിയോഗിച്ച കാര്യം വ്യക്തമാക്കി ഫയല്‍ സമര്‍പ്പിക്കണം. ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളിലെ ഫണ്ടുകള്‍ മുഴുവനായോ ഭാഗികമായോ സമീപത്തെ ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്കും നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."