മുംബൈ ആക്രമണത്തിന് ഇന്ന് ഒന്‍പത് വയസ്സ്, നടുക്കുന്ന ഓര്‍മയില്‍ രാജ്യം
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒന്‍പതാണ്ട് തികയുന്നു. 2008 നവംബര്‍ 26നായിരുന്നു ആ ദുരന്തം. അക്രമപരമ്പരയുടെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന ഹാഫിസ് സഈദ്, പാകിസ്ഥാനില്‍ വീട്ടുതടങ്കലില്‍നിന്നു മോചിതനായതിന് തൊട്ടുപിന്നാലെയാണ് ഇത്തവണ വാര്‍ഷികദിനം.
ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവയാണ് ആക്രമണത്തിനിരായ സ്ഥലങ്ങള്‍. മുംബൈക്കൊപ്പം മൂന്നുദിവസം രാജ്യംവിറങ്ങലിച്ചുനിന്നു. അജ്മല്‍ കസബ് എന്ന പാകിസ്ഥാന്‍ പൗരനൊഴികെ അക്രമികളായ മറ്റ് ഒന്‍പതുപേരും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു. എ.ടി.എസ് മേധാവി ഹേമന്ദ് കര്‍ക്കരെ, വിജയ് സലസ്‌കര്‍, മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, എ.സി.പി അശോക് കാംതെ എന്നിവരും വിദേശി സഞ്ചാരികളുമടക്കം 166 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അക്രമങ്ങള്‍ക്കുപിന്നില്‍ ലഷ്‌കറെ ഇ ത്വയ്ബയും പാകിസ്താനുമാണെന്നായിരുന്നു ഇന്ത്യയുടെ ആരോപണം. പിടിയിലായ ഏകപ്രതി അജ്മല്‍ കസബിനെ 2012 നവംബറില്‍ തൂക്കിലേറ്റി.
ഭീകരാക്രമം നടന്ന സ്ഥലം ഇന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. വിദേശികളുലപെടെ ഇന്ന് ഇവിടം കാണാനെത്തുന്നു.
അതേസമയം, മുംബൈ നഗരത്തിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കി. പ്രധാന സ്ഥലങ്ങളെല്ലാം ബാരിക്കേഡ് ഉപയോഗിച്ചു തിരിച്ചിട്ടുണ്ട്. വാര്‍ഷികത്തോട് അനുബന്ധിച്ച് നഗരത്തില്‍ പലയിടങ്ങളിലും അനുസ്മരണയോഗങ്ങള്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."