സംവരണ വിരുദ്ധ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം
വഖ്ഫ് ബോര്‍ഡ് നിയമന വിവാദത്തിന് പിന്നാലെ സര്‍ക്കാര്‍ മറ്റൊരു സംവരണ വിരുദ്ധ നീക്കത്തിന് തുടക്കമിട്ടിരിക്കുകയാണ്. കെ. എ.എസ് (കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് ) ഉദ്യോഗ നിയമനത്തിലെ സംവരണത്തെ ചൊല്ലിയാണിപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. ഭരണഘടന അനുവദിച്ച സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തത്രപ്പെടുന്നത് ആര്‍ക്കുവേണ്ടിയാണ്. ബോധപൂര്‍വമായ ഇത്തരം ശ്രമങ്ങള്‍ സംവരണ സമുദായങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്‍പ്പിക്കുമെന്നതില്‍ സര്‍ക്കാരിന് സംശയം വേണ്ട. വഖ്ഫ് ബോര്‍ഡിലേക്കും ദേവസ്വം ബോര്‍ഡിലേക്കും ഒരുപോലെ പി .എസ്.സി വഴി നിയമനം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ദേവസ്വം ബോര്‍ഡിനെ അതില്‍നിന്ന് മാറ്റി നിര്‍ത്തി പി.എസ്.സി വഴി നിയമനം വഖ്ഫ് ബോര്‍ഡിലേക്ക് മാത്രമായി ചുരുക്കിയതിന്റെ കാരണം സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. ഒരു മത വിഭാഗത്തിന് മാത്രമായി പി.എസ്.സി വഴിയുള്ള നിയമനം ചുരുക്കുമ്പോള്‍ വിവേചനം ആരോപിച്ച് ഇതര സമുദായാംഗങ്ങള്‍ക്ക് കോടതിയില്‍ പോകാം. ഇതുവഴി മുസ്‌ലിം സമുദായത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നാമമാത്ര സംവരണാനുകൂല്യമായിരിക്കും അട്ടിമറിക്കപ്പെടുക.
1995ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖ്ഫ് ആക്ടായിരിക്കും ഇതുവഴി തകര്‍ക്കപ്പെടുക. ഇതുസംബന്ധിച്ച് മന്ത്രിസഭ എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനാ നേതാക്കളും വഖ്ഫ് ബോര്‍ഡ് മെമ്പര്‍മാരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്. ഈയൊരു വേളയില്‍ തന്നെയാണ് കെ.എ.എസ് നിയമനങ്ങളിലും സംവരണ അട്ടിമറിക്ക് അരങ്ങൊരുങ്ങുന്നത്. സര്‍വിസ് സംഘടനകള്‍ നേരത്തെ തന്നെ കെ.എ.എസ് നിയമനങ്ങള്‍ക്കെതിരേ സമരരംഗത്ത് വന്നതാണ്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത കെ.എ.എസ് സംവിധാനം നിലവില്‍ വരുന്നതോടെ ഇല്ലാതാകുമെന്നായിരുന്നു അവരുടെ ആശങ്ക. കെ.എ.എസിനെതിരെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പണിമുടക്ക് സമരം വരെ നടത്തി. സമരക്കാരുടെ ആശങ്ക പരിഹരിച്ചുവെങ്കിലും സംവരണ അട്ടിമറി സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള മുപ്പത് വകുപ്പുകളിലായാണ് കെ.എ.എസ് വരിക. ധനം, പൊതുഭരണ വകുപ്പുകള്‍ ഇതില്‍ പെടും. മുപ്പത് വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകള്‍ സെക്രട്ടേറിയറ്റിലാകുമ്പോള്‍ അത് അണ്ടര്‍ സെക്രട്ടറി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാകുമെന്നും അത് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രമോഷന്‍ ഇല്ലാതാക്കുമെന്നായിരുന്നു ജീവനക്കാര്‍ ആശങ്കപ്പെട്ടിരുന്നത്.
ആകെയുള്ള ഒഴിവുകളില്‍ മൂന്നിലൊന്നു മാത്രമേ ഇത്തരം തസ്തികകളിലേക്കു നിയമനം നടത്തൂവെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വസിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ സമരത്തില്‍നിന്നു പിന്‍മാറുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രി പറയുന്ന മൂന്നിലൊന്നു ഒഴിവുകളിലേക്കുള്ള നിയമനങ്ങളില്‍ ഒന്നാം ഗസറ്റഡ് തസ്തികയിലുള്ള ജീവനക്കാരില്‍ നിന്ന് പി.എസ്.സി നടത്തുന്ന പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക എന്ന് മുഖ്യമന്ത്രി തന്നെവ്യക്തമാക്കിയിരുന്നു. ഇവിടെയാണ് സംവരണ അട്ടിമറി ഒളിഞ്ഞിരിക്കുന്നത്. ഒന്നാം ഗസറ്റഡ് തസ്തികയിലെത്തിയവരില്‍ ചിലര്‍ സംവരണാടിസ്ഥാനത്തിലായിരിക്കാം പ്രസ്തുത തസ്തികകളില്‍ എത്തിയിട്ടുണ്ടാവുക എന്നും അവര്‍ക്ക് വീണ്ടും സംവരണം നല്‍കാനാവില്ല എന്ന നിലപാടിലുമാണ് സര്‍ക്കാര്‍. ഇത് അംഗീകരിക്കാന്‍ പറ്റാത്ത ന്യായമാണ്.
ഈ വിഷയത്തെ സംബന്ധിച്ച് ചര്‍ച്ച വേണമെന്ന് സര്‍വിസ് സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കയാണ്. എല്ലാ നിയമനങ്ങളിലുമെന്ന പോലെ ഒന്നാം ഗസറ്റഡ് തസ്തികയില്‍ പി.എസ്.സി നടത്തുന്ന പരീക്ഷകളിലും സംവരണം ഉറപ്പാക്കേണ്ടതുണ്ട്. പി.എസ്.സി തന്നെയും ഈ നിര്‍ദേശം സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കെ.എ.എസ് സംബന്ധിച്ച് സര്‍ക്കാര്‍ സര്‍വിസ് സംഘടനകളുമായി നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രമോഷന്‍ കാര്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംവരണത്തെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഇപ്പോള്‍ ഇതുസംബന്ധിച്ച് ജീവനക്കാരില്‍ ആശങ്കകളുണ്ടായ സ്ഥിതിക്ക് പരിഹാരം കാണാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സംവരണ തത്ത്വം കെ.എ.എസില്‍ അട്ടിമറിക്കുകയാണെന്ന ധാരണ ജീവനക്കാരില്‍ രൂഢമൂലമായ സ്ഥിതിക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനാ നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണം. കെ.എ.എസില്‍ മൂന്നിലൊന്ന് നിയമനങ്ങള്‍ക്ക് പൊതു പരീക്ഷയില്‍നിന്നു നിയമനം നേടുന്നവര്‍ക്ക് മാത്രമായി സംവരണം ഉറപ്പുവരുത്തിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണം. 50 ശതമാനം സംവരണം ലഭിക്കേണ്ടിടത്ത് സര്‍ക്കാരിന്റെ തലതിരിഞ്ഞ നയം കാരണം ചുരുങ്ങുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതുസംബന്ധിച്ചെല്ലാം പി .എസ്.സി നല്‍കിയ നോട്ടിസിന് സര്‍ക്കാര്‍ ഇതുവരെ മറുപടിയൊന്നും നല്‍കാതിരിക്കുന്നതും ദുരൂഹമായിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."