ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിന്റെ നിറവില്‍ കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍
കരുനാഗപ്പള്ളി: അന്താരാഷ്ട്ര തലത്തില്‍ സ്ഥാപനങ്ങളുടെ ഗുണമേന്‍മാനിലവാരത്തിന് നല്‍കപ്പെടുന്ന ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിന് കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ അര്‍ഹത നേടി.
ജില്ലയില്‍ സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് പഠനസംഘം സ്‌കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അംഗീകാരം ലഭിച്ച് കൊണ്ടുളള അറിയിപ്പ് സ്‌കൂളില്‍ ലഭിക്കുന്നത്. മികച്ച അക്കാദമിക് അന്തരീക്ഷം, ശുചിത്വ പൂര്‍ണ്ണവും സ്ത്രീ സൗഹൃദപരവുമായ ശുചി മുറികള്‍, ശുദ്ധീകരിച്ച് അണുവിമുകതമാക്കി സുലഭമായി ലഭിക്കുന്ന കുടിവെള്ളം, മികച്ച ലൈബ്രറി, ലബോറട്ടറി സംവിധാനങ്ങള്‍, പരിസ്ഥിതി സൗഹൃദമായ വിദ്യാലയ അന്തരീക്ഷം, പഠനാനുബന്ധ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ ഘടകങ്ങള്‍ വിലയിരുത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉള്‍പ്പെടെ ജില്ലയില്‍ മികച്ച വിജയം നേടിയെടുക്കാന്‍ സ്‌കൂളിന് കഴിഞ്ഞുവെന്ന് ഹെഡ്മിസ്ട്രസ്സ് എല്‍.ശ്രീലത പറഞ്ഞു.
സ്‌കൂളിന്റെ ശതാബ്ദി വര്‍ഷത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ വസന്തന്‍, മാനേജര്‍ പ്രൊഫ. ആര്‍.ചന്ദ്രശേഖരപിള്ള, പി.ടി.എ പ്രസിഡന്റ് എന്‍ അജയകുമാര്‍ എന്നിവര്‍ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം 18 ന് സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."