കേരളത്തിലേക്ക് കടത്തുകയായിരുന്ന നൂറു ക്വിന്റല്‍ അരി പിടികൂടി
മംഗളൂരു: കര്‍ണാടകയില്‍ നിന്ന് കാസര്‍ക്കോട്ടേക്ക് കടത്തുകയായിരുന്ന നൂറു ക്വിന്റല്‍ റേഷനരി പൊലിസ് പിടികൂടി. രണ്ടു ലോറികളിലായി കടത്തുകയായിരുന്ന അരി മംഗളൂരു ബി.സി. റോഡില്‍ വച്ചാണ് പിടികൂടിയത്. പിടിച്ചെടുത്ത അരിക്ക് 2.60 ലക്ഷത്തോളം രൂപ വിലവരും. പൊതുവിതരണ സംവിധാനം വഴി ദക്ഷിണ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യേണ്ട അരിയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം കാസര്‍ക്കോട്ടെ പൊതുമാര്‍ക്കറ്റിലേക്ക് കൊണ്ട് വരുന്നതിനിടയില്‍ പൊലിസ് പിടിച്ചെടുത്തത്.
50 കിലോയുടെ 200 ചാക്ക് അരി രണ്ട് ലോറികളിലായി കടത്തുകയായിരുന്നു. ബി .സി. റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്ന മംഗളൂരു പൊലിസാണ് ലോറികളും അരിയും കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനക്കിടെ ലോറികള്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. അതെ സമയം കേരളത്തില്‍ നിന്ന് റേഷനരി കര്‍ണാടകയിലേക്ക് കടത്തുന്നുമുണ്ട്. ഇത് സംബന്ധമായി കഴിഞ്ഞ ആഴ്ച കാസര്‍ക്കോട്ടെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ സി.ബി.ഐ നടത്തിയ പരിശോധനയില്‍ 75 ചാക്ക് അരി കടത്താന്‍ തയാറാക്കി വച്ചത് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന റേഷനരി പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."