റെയില്‍വേ അവഗണന കേന്ദ്രത്തെ അറിയിക്കും
തിരുവനന്തപുരം: റെയില്‍വേയുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന അവഗണന കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് തീരുമാനം.
തലശേരി- മൈസൂര്‍ റെയില്‍പാത അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുക, റാപിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ ഭാഗമായി ആറ് ട്രെയിനുകള്‍ തിരുവനന്തപുരം- ചെങ്ങന്നൂര്‍ റൂട്ടില്‍ രാവിലെയും വൈകിട്ടും അനുവദിക്കുക, അങ്കമാലി- ശബരി റെയില്‍പാതയുടെ പണി നൂറു ശതമാനം കേന്ദ്ര ഫണ്ടോടെ നടപ്പാക്കുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ബാലരാമപുരത്തുനിന്നുള്ള പാതയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതയും സംയുക്തസംരംഭമായി തുടങ്ങുക, ഗുരുവായൂര്‍- തിരുനാവായ പാത പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ബഡ്ജറ്റ് വിഹിതം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് എം.പിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
വിദേശ ട്രോളറുകള്‍ രാജ്യത്തിനു നികുതിനഷ്ടം ഉണ്ടാക്കുംവിധം പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കൂടി ഉണ്ടാവണമെന്ന് എം.പിമാര്‍ നിര്‍ദേശിച്ചു. ചെറുമത്സ്യങ്ങളെ പിടിക്കുന്നതു സംബന്ധിച്ച് ദേശീയതലത്തില്‍ തീരുമാനമുണ്ടാകണം.
സംസ്ഥാനങ്ങളുടെ സമുദ്രാധികാര പരിധി 12 നോട്ടിക്കല്‍ മൈലില്‍ നിന്ന് 36 നോട്ടിക്കല്‍ മൈല്‍ ആക്കണം, മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് പുനഃസ്ഥാപിക്കണം, ദേശീയ ഭക്ഷ്യഭദ്രതാനിയമം അനുസരിച്ചുള്ള ഭക്ഷ്യധാന്യവിഹിതം വര്‍ധിപ്പിക്കണം, മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കുകൂടി നല്‍കുന്നതിന് പഞ്ചസാര അനുവദിക്കണം, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രത്തിനു മുന്നില്‍ ഉന്നയിക്കും.
ഹില്‍ഹൈവേ പദ്ധതിക്ക് വനഭൂമി ലഭ്യമാക്കുക, വിവിധ ബൈപാസുകള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കുക, വിഴിഞ്ഞം പോര്‍ട്ട് തിരുവനന്തപുരം കാട്ടാക്കട അംബാസമുദ്രം റോഡ് അനുമതിക്കു സഹായംനല്‍കുക, കേരളത്തിന് എയിംസ്, മലബാര്‍ കാന്‍സര്‍ സെന്ററിന് പരിഗണന, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ്, പാര മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആയുര്‍വേദത്തിന് അന്തര്‍ദേശീയ ഗവേഷണകേന്ദ്രം എന്നീ ആവശ്യങ്ങളും ഉന്നയിക്കും.
ഭാരത് എര്‍ത്ത്മൂവേഴ്‌സ് ലിമിറ്റഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. മിനിവൈദ്യുതി പദ്ധതികള്‍ക്കും കാറ്റാടിപദ്ധതികള്‍ക്കും കേരളം പ്രാധാന്യം നല്‍കണമെന്നും ഫ്‌ളോട്ടിങ് സോളാര്‍ പാനലുകളും പരിഗണിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ തുക വെട്ടിക്കുറച്ചതിനാല്‍ നൂറിലധികം പദ്ധതികള്‍ മുടങ്ങിയ വിഷയത്തില്‍ എം.പിമാര്‍ അടിയന്തരമായി ഇടപെടണമെന്നും തീരുമാനമുണ്ടായി.
രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, വി. എസ്.സുനില്‍കുമാര്‍, കെ.രാജു, കെ.ടി.ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. തോമസ് ഐസക്, കെ. കെ.ശൈലജ, പി.തിലോത്തമന്‍, മാത്യു ടി.തോമസ്, ജി.സുധാകരന്‍, പ്രൊഫ. സി.രവീന്ദ്രനാഥ്, എം.പിമാരായ എ.സമ്പത്ത്, എം.ബി.രാജേഷ്, പി.കെ.ബിജു, ജോയ്‌സ് ജോര്‍ജ്, പി.കരുണാകരന്‍, പി.കെ ശ്രീമതി, കെ. സോമപ്രസാദ്, കെ.കെ.രാഗേഷ്, സി.എന്‍.ജയദേവന്‍, എം.കെ.രാഘവന്‍, പി.വി.അബ്ദുല്‍ വഹാബ്, സി.പി.നാരായണന്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."