യുനൈറ്റഡ് വിജയവഴിയില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് വാട്‌ഫോര്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. ജയത്തോടെ വിജയവഴിയില്‍ തിരിച്ചെത്താനും യുനൈറ്റഡിന് സാധിച്ചു. എന്നാല്‍ ടോട്ടനം ലെയ്സ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടു.
വാട്‌ഫോര്‍ഡിനെതിരേ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് യുനൈറ്റഡ് പുറത്തെടുത്തത്. ഫോമിലേക്കുയര്‍ന്ന ആഷ്‌ലി യങിന്റെ ഇരട്ട ഗോളുകളാണ് ടീമിന് വമ്പന്‍ ജയം സമ്മാനിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ജയം നേടാന്‍ സാധിക്കാതിരുന്ന യുനൈറ്റഡിന് ആശ്വസിക്കാവുന്ന ജയമാണിത്. 14 മത്സരങ്ങളില്‍ നിന്ന് 32 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ടീം. യുനൈറ്റഡ് യങിലൂടെയും ലിങ്കാര്‍ഡിലൂടെയും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ റിച്ചാര്‍ലിസണിലൂടെ വാട്‌ഫോര്‍ഡും അവസരത്തിനൊത്ത് ഉയര്‍ന്നു. എന്നാല്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത് യുനൈറ്റഡാണ്. 19ാം മിനുട്ടില്‍ ലിങ്കാര്‍ഡിന്റെ പാസില്‍ യങ് തൊടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു. 25ാം മിനുട്ടില്‍ യങ് ടീമിന്റെ ലീഡുയര്‍ത്തി. മികച്ചൊരു ഫ്രീകിക്കിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.
രണ്ടു ഗോളിന്റെ മുന്‍തൂക്കവുമായി കളിച്ച ആക്രമിച്ച് കളിച്ച യുനൈറ്റഡ് നിരവധി അവസരങ്ങളാണ് ലീഡുയര്‍ത്താന്‍ ലഭിച്ചത്. എന്നാല്‍ ഇതൊന്നും മുതലാക്കാന്‍ ടീമിന് സാധിച്ചില്ല. തന്റെ 200ാം പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ നേടാനുള്ള അവസരം റൊമേലു ലൂകാകു നഷ്ടപ്പെടുത്തി. താരത്തിന്റെ ഷോട്ട് ക്രിസ്റ്റ്യന്‍ കബാസലെ തടുത്തിട്ടെങ്കിലും പന്തു ലഭിച്ച ആന്റണി മാര്‍ഷല്‍ ഗോള്‍ നേടുകയായിരുന്നു. മൂന്ന് ഗോളിന്റെ മുന്‍തൂക്കവുമായി രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയ യുനൈറ്റഡിനെ വാട്‌ഫോര്‍ഡ് ഞെട്ടിച്ചു.
77ാം മിനുട്ടില്‍ ഡീനി പെനാല്‍ട്ടിയിലൂടെ വാട്‌ഫോര്‍ഡിന്റെ അക്കൗണ്ട് തുറന്നു. അധികം വൈകാതെ ഡൂകൂര്‍ സ്‌കോര്‍ ഉയര്‍ത്തി. സമനില പിടിക്കാനുള്ള വാട്‌ഫോര്‍ഡിന്റെ ശ്രമങ്ങള്‍ക്കിടെ ലിങ്കാര്‍ഡ് യുനൈഡിന്റെ നാലാം ഗോള്‍ നേടി ജയമുറപ്പിക്കുകയായിരുന്നു.
ലെയ്സ്റ്റര്‍ സിറ്റിയോട് അപ്രതീക്ഷിത തോല്‍വിയായിരുന്നു ടോട്ടനത്തിന്റേത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ടീമിന്റെ തോല്‍വി. ലെയ്‌സ്റ്റെറിനായി ജാമി വാര്‍ഡിയും മെഹറസും ഗോള്‍ നേടിയപ്പോള്‍ ഹാരി കെയ്‌നാണ് ടോട്ടനത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ തന്നെ ജയമുറപ്പിച്ച രണ്ടു ഗോളുകള്‍ നേടാന്‍ ലെയ്സ്റ്ററിന് സാധിച്ചിരുന്നു. വാര്‍ഡിയും മെഹറസും മികവിലേക്കയരുകയും നിരവധി മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ തുടക്കത്തിലേ പിന്നോട്ട് പോയ ടോട്ടനം രണ്ടാം പകുതിയില്‍ മാത്രമാണ് മികവിലേക്കുയര്‍ന്നത്.
മറ്റു മത്സരങ്ങളില്‍ വെസ്റ്റ്‌ബ്രോം-ന്യൂകാസില്‍ മത്സരം 2-2നും ബ്രൈറ്റണ്‍-ക്രിസ്റ്റല്‍ പാലസ് മത്സരം 0-0വും സമനിലയില്‍ കലാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."