പാര്‍ട്ടി ഓഫിസില്‍ കേക്കു മുറിച്ച് പി ജയരാജന് പിറന്നാളാഘോഷം; വിവാദം
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഓഫിസില്‍ പിറന്നാള്‍ ആഘോഷവും. പുതുതായി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചത്.
ജയരാജന് പിറന്നാള്‍ കേക്ക് നല്‍കുന്നതിന്റെ ഫോട്ടോയും പിറന്നാള്‍ ആശംസയും ഏരിയാ കമ്മിറ്റി അംഗം തന്നെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.
ജയരാജന്റെ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗം 'ചുവന്ന രക്തതാരകത്തിനൊപ്പം' എന്നെഴുതി ജയരാജനൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
പി. ജയരാജനെതിരേ വ്യക്തിപൂജാ ആരോപണം സംസ്ഥാന സമിതിയില്‍ നിലനില്‍ക്കെയാണ് ഇത്തരം ആഘോഷങ്ങളും വ്യക്തി കേന്ദ്രീകൃത സ്തുതികളും ഏരിയാ, ലോക്കല്‍ നേതാക്കളുടെ ഭാഗത്തുനിന്നു തന്നെ തുടരുന്നതെന്നാണ് ശ്രദ്ധേയം.
ജയരാജനെതിരേ അച്ചടക്ക നടപടിക്ക് സംസ്ഥാന സമിതി തീരുമാനിച്ചിട്ടും കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ജയരാജനുള്ള സ്വാധീനത്തിന്റെയും ഇടപെടല്‍ ശേഷിയുടെയും തെളിവായിട്ടാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പിറന്നാര്‍ ആഘോഷത്തെ കാണുന്നത്.
വരും ദിവസങ്ങളില്‍ പിറന്നാള്‍ ആഘോഷവും വിവാദമാകാനിടയുണ്ട്.
സി.പി.എം സമ്മേളന പ്രചാരണങ്ങള്‍ക്ക് തന്റെ ഫോട്ടോയോടു കൂടിയ പോസ്റ്ററുകളും ബോര്‍ഡുകളും വേണ്ടെന്ന് പ്രവര്‍ത്തകരോട് ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ നിര്‍ദേശം നല്‍കിയിരുന്നു.
പി.ജയരാജന്‍ വ്യക്തി കേന്ദ്രീകൃത പ്രചാരണം നടത്തുന്നുവെന്ന് പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനം ഉയരുകയും സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും ഇതു ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാതെ വിവാദം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ പിന്നീടും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പി ജയരാജന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. തലശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റി അവിടെ ജയരാജന്റെ ചിത്രം വച്ച ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
കണ്ണൂര്‍ ഏരിയാ സമ്മേളനം നടന്ന ഹാളിന്റെ കവാടത്തില്‍ പി ജയരാജന്റെ ചിത്രം സ്ഥാപിച്ചിതിനു പുറമെ വേദിയില്‍ ജയരാജന് സപ്പോര്‍ട്ട് എന്ന ബാഡ്ജ് ധരിച്ച കുട്ടികളും എത്തിയിരുന്നു. അതേസമയം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി ഉയരുന്നത് പാര്‍ട്ടിക്കകത്തു നിന്നുള്ള കെണിയാണെന്ന തിരിച്ചറിവാണ് പി. ജയരാജനെ ഇത്തരമൊരു നിര്‍ദേശത്തിന് പ്രേരിപ്പിച്ചതെന്നു കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."