അബ്ദുല്ല സ്വാലിഹിന്റെ അന്ത്യം: പശ്ചിമേഷ്യ പാഠം പഠിക്കുമോ?
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഇന്നു കുവൈത്തില്‍ ചേരുമ്പോള്‍ ഖത്തറിനെതിരേയുള്ള ഉപരോധം പ്രധാന ചര്‍ച്ചാവിഷയമാകും. എന്നാല്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളെതന്നെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്ന കൊളോണിയല്‍ സാമ്രാജ്യശക്തികളുടെ നിഗൂഢ ലക്ഷ്യങ്ങളെക്കുറിച്ച് ഒരുമാത്ര നേരത്തേക്കെങ്കിലും ആലോചനയുണ്ടാകുമോയെന്നതാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യം. കഴിഞ്ഞദിവസമുണ്ടായ യമന്‍ മുന്‍ പ്രസിഡന്റ് അബ്ദുല്ല സ്വാലിഹിന്റെ അന്ത്യം ഇത്തരമൊരു ആലോചനയിലേയ്ക്കു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളെ എത്തിക്കേണ്ടതാണ്.
നേരത്തെ അബ്ദുല്ല സ്വാലിഹിനു പിന്തുണ നല്‍കിയിരുന്ന ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ശീഈ വിഭാഗക്കാരനായ സ്വാലിഹിന്റെ വംശത്തില്‍പ്പെട്ടവര്‍ തന്നെയാണ് അദ്ദേഹത്തെ വധിച്ചതെന്നു വരുമ്പോള്‍ സയണിസ്റ്റ് ശക്തികളുടെ പദ്ധതി പശ്ചിമേഷ്യയില്‍ വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നാണു വെളിപ്പെടുന്നത്. വംശീയ കലാപത്തിന്റെയും അധികാരക്കൊതിയുടെയും മാത്രം ഇരയല്ല സ്വാലിഹ്. 2015 ലാണ് യമനില്‍ വംശീയകലാപം രൂക്ഷമാകാന്‍ തുടങ്ങിയത്. 2010ല്‍ തന്നെ പ്രസിഡന്റായിരുന്ന അബ്ദുല്ല സ്വാലിഹിനെതിരേ അറബ് പ്രക്ഷോഭം ആരംഭിച്ചിരുന്നു. 2011 നവംബര്‍ 23ന് ഭരണാധികാരം വൈസ്പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് കൈമാറാന്‍ സ്വാലിഹ് നിര്‍ബന്ധിതനായി. സ്ഥാനഭ്രഷ്ടനായ സ്വാലിഹ് സ്വന്തംവംശത്തില്‍പ്പെട്ട ശീഈ വിഭാഗങ്ങളുമായി ചേര്‍ന്നു സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യുകയായിരുന്നു. സ്വാലിഹിന്റെ മകന്‍ അലി സ്വാലിഹ് ആയിരുന്നു സര്‍ക്കാരിനെതിരേയുള്ള ഹൂതികളുടെ യുദ്ധത്തെ നയിച്ചിരുന്നത്.
അധികാരത്തില്‍ വന്ന മന്‍സൂര്‍ ഹാദിയാകട്ടെ രാജ്യത്തിനെതിരേ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ഹൂതികളെ തുരത്തുന്നതില്‍ ഉദാസീനമായ നിലപാടാണു സ്വീകരിച്ചത്. ഇതില്‍നിന്നു മുതലെടുത്തു സ്വാലിഹിന്റെ സ്വാധീനത്തിലുള്ള ഹൂതികള്‍ യമന്‍ പ്രദേശങ്ങളില്‍ പലതും അധീനതയിലാക്കി. യുദ്ധം രൂക്ഷമായപ്പോള്‍ ഹാദി രാജ്യം ഉപേക്ഷിച്ചു സഊദിയില്‍ അഭയം തേടുകയും തന്റെ രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഹൂതികളെ ജി.സി.സി രാജ്യങ്ങള്‍ തുരത്തണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
ഇതിന്റെ ഫലമായി സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ജി.സി.സി രാജ്യങ്ങള്‍ സംയുക്തമായി യമനിലെ ഹൂതികള്‍ക്കെതിരേ യുദ്ധം ചെയ്തുവെങ്കിലും ഹൂതികളെ ഇപ്പോഴും തുരത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ പ്രധാന കാരണം ഹൂതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കി വരുന്നത് അമേരിക്കയടക്കമുള്ള സാമ്രാജ്യശക്തികളാണെന്നതാണ്. ഹൂതികളെ നിഷ്പ്രയാസം കീഴടക്കാമെന്ന ജി.സി.സി രാജ്യങ്ങളുടെ മോഹമാണ് ഇവിടെ പൊലിഞ്ഞത്.
സൈനികമായി സംഘടിപ്പിക്കപ്പെട്ടവരാണു ഹൂതികള്‍. ഹൂതികള്‍ ശീഈ വിഭാഗക്കാരായതുകൊണ്ട് ഇറാന്റെ അകമഴിഞ്ഞ സഹായവും ഇവര്‍ക്കു ലഭിക്കുന്നു. പശ്ചിമേഷ്യയില്‍ എവിടെ പ്രശ്‌നങ്ങളുണ്ടായാലും അവിടങ്ങളിലെ ശീഈ വിഭാഗക്കാരെ സഹായിക്കാന്‍ ഇറാനുണ്ടാകും. ഇതിനാല്‍ പശ്ചിമേഷ്യന്‍ സമാധാനമെന്ന സ്വപ്‌നം മരീചികപോലെ അകന്നുകൊണ്ടിരിക്കുകയാണ്.
സഊദിയുടെ അതിര്‍ത്തിയോടു ചേര്‍ന്നു നില്‍ക്കുന്ന ഹൂതികള്‍ സഊദിക്കു ഭീഷണിയായതുകൊണ്ടു തന്നെയാണ് ഇറാന്‍ ഇവരെ സഹായിക്കുന്നത്. അടുത്തകാലത്ത് അബ്ദുല്ല സ്വാലിഹ് തന്റെ ഗോത്രക്കാരായ ശീഈ വിഭാഗങ്ങളുമായി അകന്നതും സഊദി അറേബ്യയുമായി അടുക്കാന്‍ തുടങ്ങിയതുമാണ് അദ്ദേഹത്തിന്റെ അന്ത്യത്തില്‍ കലാശിച്ചത്. യമനില്‍ ഇപ്പോള്‍ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സ്വാലിഹിന്റെ നേതൃത്വത്തിലുള്ള ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസും (ജി.പി.സി) തമ്മിലാണു പോരാട്ടം.
30 വര്‍ഷം യമന്‍ ഭരിച്ച പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് സ്വന്തം ജനതയുടെ കരങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ പിന്നില്‍ പ്രവര്‍ത്തിച്ച സയണിസ്റ്റ് സാമ്രാജ്യശക്തികളുടെ നിഗൂഢലക്ഷ്യങ്ങളെ കാണാതെ പോകരുത്. പശ്ചിമേഷ്യയെ പതുക്കെപ്പതുക്കെ അവര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. എണ്ണയാലും ധാതുക്കളാലും സമ്പുഷ്ടമായ പശ്ചിമേഷ്യയെ എക്കാലവും വരുതിയില്‍ നിര്‍ത്താനും തങ്ങളുടെ ജാരസന്തതിയായ ഇസ്രാഈലിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനും സാമ്രാജ്യശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളുടെ ഇരകളാണ് തങ്ങളെന്ന് ഇനിയെന്നാണു ജി.സി.സി രാജ്യങ്ങള്‍ മനസ്സിലാക്കുക.
സുന്നി, ശീഈ, കുര്‍ദു വംശീയ പ്രശ്‌നങ്ങള്‍ ഒരു സുപ്രഭാതത്തില്‍ തീര്‍ക്കാന്‍ കഴിയുന്നതല്ല. ഈ തിരിച്ചറിവാണ് ഇവിടങ്ങളിലെ ഭരണാധികാരികള്‍ക്ക് ആദ്യമുണ്ടാവേണ്ടത്. അതംഗീകരിച്ചു സമാധാനപരമായ സഹവര്‍ത്തിത്വം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉണ്ടാക്കാനായില്ലെങ്കില്‍ അബ്ദുല്ല സ്വാലിഹുമാര്‍ ഇനിയും അറബ് രാഷ്ട്രങ്ങളില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കും. നിറത്തിന്റെയോ വംശത്തിന്റെയോ പേരില്‍ വിവേചനമില്ലെന്നു ലോകത്തെ പഠിപ്പിച്ച വിശ്വമാനവ ദര്‍ശനത്തിന്റെ വക്താക്കളാണ് തങ്ങളെന്ന് അവകാശപ്പെട്ടതുകൊണ്ടായില്ല. അതു സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. അതിനായില്ലെങ്കില്‍ അത്തരം ജനതയെ സഹായിക്കാന്‍ അല്ലാഹു ഇടപെടുമെന്നു പ്രതീക്ഷിക്കുന്നതെങ്ങനെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."